Friday, May 17, 2024
spot_img

“ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്” എന്ന വിവാദ പരാമർശത്തിൽ ഖേദ പ്രകടനവുമായി മമ്മൂട്ടി

കൊച്ചി:2018 എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് വേളയില്‍ നടന്‍ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശ വിവാദത്തിൽ ഖേദപ്രകടനവുമായി മമ്മൂട്ടി രംഗത്തെത്തി . ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സൈബറിടങ്ങളിൽ ചര്‍ച്ച ഉയര്‍ന്നത്. .

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്. മേലില്‍ ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കുറിച്ചു. ഇക്കാര്യം തന്നെ ഓര്‍മിപ്പിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തേ ജൂഡ് ആന്റണിയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍ , വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍- എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് .

Related Articles

Latest Articles