Sunday, December 21, 2025

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടി റിലീസിന് ഒരുങ്ങുന്നു: നിരാശയിൽ ആരാധകർ

മെഗാസ്റ്റാർ മമ്മുട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് “പുഴു”. നവാഗതയായ റത്തീന ശർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പുഴു’ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലൈവിലൂടെയാവും പ്രദര്‍ശനത്തിനെത്തുക. ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മെഗാസ്റ്റാർ ചിത്രം തീയേറ്ററിലെത്താതെ ഒടിടി റിലീസിന് ഒരുങ്ങുമ്പോൾ നിരാശയിലാണ് ആരാധകർ.

പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് നേരത്തെ എത്തിയ ടീസർ നൽകിയ സൂചന. മെഗാസ്റ്റാറിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് പുഴുവിലേതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേതെന്നാണ് സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്.

വൈറസിന് ശേഷം ഷറഫ്സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്ററും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പുഴു’വിനുണ്ട്. അതേസമയം ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും.

സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോർജ്ജും നിർമ്മാണത്തിന്റെ ഭാഗമാകുന്നു. ഉണ്ടയ്ക്ക് ശേഷം ഹർഷാദും വൈറസിന് ശേഷം ഷറഫ് – സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി ചിത്രമായ പേരൻപിൽ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് പുഴുവിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്സ് ബിജോയ് സംഗീതം.

ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

Related Articles

Latest Articles