Tuesday, May 14, 2024
spot_img

മുറിയില്‍ അമ്മയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു; പിതാവിന്റെ മരണത്തില്‍ വഴിത്തിരിവായത് പത്തുവയസുകാരന്റെ മൊഴി

ബംഗളൂരു: സ്വാഭാവിക മരണമാണെന്ന് കരുതിയ ബംഗളൂരു സ്വദേശി എന്‍ രാഘവേന്ദ്രയുടെ മരണത്തിൽ വഴിത്തിരിവായത് പത്തുവയസുകാരനായ മകന്റെ മൊഴി. അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ എല്ലാവരും ഇതുവരെ കരുതിയിരുന്നത് സ്വാഭാവിക മരണമാണെന്നാണ്. എന്നാല്‍ മരണം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് സത്യങ്ങൾ പുറത്തുവരുന്നത്.

ബംഗളൂരുവില്‍ ഗ്രാമപ്രദേശമായ കരേനഹള്ളിയിലെ വീട്ടിലാണ് രാഘവേന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപസ്മാരം ബാധിച്ച്‌ കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നുമാണ് ഷൈലജ പറഞ്ഞത്. സംഭവദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ ഭാര്യ ഷൈലജയാണ് രാഘവേന്ദ്രയുടെ സഹോദരനെ വിവരം അറിയിച്ചത്.

ദിവസങ്ങള്‍ക്കു ശേഷം രാഘവേന്ദ്രയുടെ അച്ഛനോടാണ് കുട്ടി നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. സംഭവദിവസം അര്‍ദ്ധരാത്രിയില്‍ ചില ശബ്ദങ്ങള്‍ കേട്ട് കുട്ടി ഉറക്കത്തില്‍ നിന്നും ഉണർന്നുനോക്കിയപ്പോൾ അച്ഛനെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് കഴുത്ത് ഞെരിക്കുന്നത് കണ്ടെന്നും മറ്റൊരാള്‍ ചപ്പാത്തി പലകകൊണ്ട് തലയ്ക്ക് അടിച്ചുവെന്നും കുട്ടി പറഞ്ഞു. എന്തിനാണ് അച്ഛനെ തല്ലുന്നതെന്ന് ചോദിച്ചെങ്കിലും കൂടെയുണ്ടായിരുന്ന യുവാവ് കുട്ടിയെ തല്ലുകയും ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പേടിച്ചുപോയ കുട്ടി ഉറങ്ങാന്‍ പോയെന്നുമാണ് മുത്തശ്ശനോട് വെളിപ്പെടുത്തിയത്.

തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഷൈലജയെയും അവരുടെ അമ്മ ലക്ഷ്മി ദേവിയെയും പോലീസ് അറസ്റ്റു ചെയ്തു. അന്വേഷണത്തിനൊടുവില്‍ കൊലപ്പെടുത്താന്‍ സഹായിച്ച ഹനുമന്ദ എന്നയാള്‍ ഷൈലജയുടെ സഹപ്രവര്‍ത്തകനാണെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വ്യക്തമായി. ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന് സമ്മതിച്ചത്.

Related Articles

Latest Articles