Saturday, May 11, 2024
spot_img

“സ്വാമിയേ ശരണമയ്യപ്പാ…” ശരണം വിളികളാൽ ഭക്തി സാന്ദ്രമായി ശബരിമല; മകരവിളക്ക് ഉത്സവത്തിനായി ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് (Mandalamakaravilakku In Sabarimala) നട തുറന്ന ശബരിമലയിൽ ദർശനം തുടങ്ങി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നന്പൂതിരി ഇന്നലെ ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ഇത്തവണ മണ്ഡലപൂജക്ക് ശേഷം നട അടച്ച് വീണ്ടും തുറക്കുമ്പോൾ കൂടുതൽ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ നട ഇന്നലെ തുറന്നുവെങ്കിലും ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്.

അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം എരുമേലിയിൽ നിന്ന് കരിമല വഴിയുള്ള കാനനപാതയിലൂടെയും ഭക്തരെ കടത്തിവിട്ട് തുടങ്ങി. അതേസമയം കാനന പാതയിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. കോഴിക്കാൽക്കടവിൽ നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിൽ മാത്രമേ കാനനപാതയിലേയ്‌ക്ക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും, മുക്കുഴിയിലും രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ് പ്രവേശനം നൽകുക.

തീർത്ഥാടകർക്ക് തനിച്ചും കൂട്ടമായും വരാം. എന്നിരുന്നാലും പല ബാച്ചുകളായി തിരിച്ച് മാത്രമായിരിക്കും കാനന പാതയിലൂടെ കടത്തിവിടുക. വൈകിട്ട് അഞ്ച് മണിക്ക് ശേഷം പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളിൽ ഭക്തർക്ക് വിരിവയ്‌ക്കാൻ സൗകര്യമുണ്ട്. ജനുവരി പതിനാലിനാണ് മകരവിളക്ക്.

Related Articles

Latest Articles