Sunday, May 19, 2024
spot_img

ചിരി ഓർമ്മകൾ പങ്കുവെച്ച് മനോജ് ശ്രീലകം; ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ

ചിരി ഓർമ്മകൾ പങ്കുവെച്ച് മനോജ് ശ്രീലകം. ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന സംവിധായകനാണ് മനോജ് ശ്രീലകം. ശ്രീമാൻ ഒരു ശ്രീമതി, ഉള്ളത് പറഞ്ഞാൽ, അടുത്ത ബെല്ലൊടുകൂടെ, മിസ്സിസ് ഹിറ്റ്ലർ, ഭാഗ്യലക്ഷ്മി തുടങ്ങി ധാരാളം പരമ്പരകൾ സംവിധാനം ചെയ്തിട്ടുണ്ട്. പണ്ട് അസോസിയേറ്റ് ഡയറക്ടർ ആയിട്ട് വർക്ക് ചെയ്യുന്ന സമയം ഉണ്ടായ നർമ്മനിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മനോജ് ശ്രീലകം. പണ്ട് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. ഇത് വീണ്ടും അദ്ദേഹം റീപോസ്റ്റ് ചെയ്തിരിക്കുകയാണ്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

എല്ലാവർക്കും നമസ്കാരം….സീരിയൽ രംഗത്തുള്ള എൻ്റെ അനുഭവങ്ങളിൽ വയറുളുക്കെ ചിരിച്ച ഒരു സംഭവം രാവിലെ തന്നെ പങ്കു വെയ്ക്കാമെന്നു കരുതി.. ദേവീ മാഹാത്മ്യം എന്ന സീരിയലിൻ്റെ തുടക്കം…മെരിലാൻ്റ് കാർത്തികേയൻ സാറിൻ്റെ പ്രൊഡക്ഷനാണ്.. സംവിധായകൻ ‘ഇളവരശൻ ‘ എന്ന് പേരുള്ള ഒരു തമിഴനാണ്. ഞാൻ അസ്സോസിയേറ്റ്.. ക്യാമറ പുഷ്പേട്ടൻ. ഈ തമിഴ് സംവിധായകൻ മുള്ളേൽ തൊഴിക്കുന്ന സ്വഭാവക്കാരനാണ്. ആകെ സൗഹാർദ്ദം കാണിക്കുന്നത് എന്നോടും പുഷ്പേട്ടനോടും മാത്രം. ഞാൻ പറഞ്ഞു വന്ന സംഗതി അതൊന്നുമല്ല, കാര്യത്തിലേയ്ക്ക് വരാം. ദേവീ മാഹാത്മ്യം സീരിയൽ തുടങ്ങുന്നത്, കാട്ടിൽ വേട്ടയ്ക്ക് പോയ ഒരു രാജാവും പരിവാരങ്ങളും കാനന മധ്യത്തിലുള്ള ഒരു ഋഷിയുടെ ആശ്രമത്തിലെത്തുന്നയിടത്തു നിന്നാണ്. ഋഷിരാജാവിനോട് പറയുന്ന ഒരു കഥയിൽ നിന്നാണ് ദേവീമാഹാത്മ്യത്തിലെ ആദ്യത്തെ കഥ കാണിച്ചു തുടങ്ങുന്നത്. പ്രശ്നം എന്താന്നു വച്ചാൽ തുടക്കത്തിൽ കാണിക്കുന്ന രാജാവിനെ അവതരിപ്പിക്കാൻ കുതിര സവാരി അറിയാവുന്ന ഒരു നല്ല നടൻ കൂടിയേ തീരൂ.. സീരിയലിൻ്റെ തുടക്കമാണ് കോംപ്രമൈസ് നടക്കില്ല. അറിയാവല്ലോ തമിഴ് സംവിധായകൻ ചൂടനാണ്.. സ്വാഭാവികമായും ചുമതല ഞാൻ ഏറ്റെടുത്തു തിരയാൻ തുടങ്ങി… കുതിര സവാരി അറിയാവുന്ന നടനെത്തേടിയുള്ള എൻ്റെ അലച്ചിൽ ചെന്നവസാനിച്ചത് നടൻ മനുവർമ്മച്ചേട്ടൻ്റെ അടുത്താണ് ( അന്തരിച്ച ജഗന്നാഥ വർമ്മയുടെ മകൻ).

‘ശ്ശെ …ചീള് കേസ്’ ഈ രീതിയിലാരുന്നു മനുച്ചേട്ടൻ്റെ മനോഭാവം. എനിക്ക് ആശ്വാസമായി. എടാ എൻ്റെ അച്ഛൻ സർവ്വീസിലിരുന്നപ്പോ തൈക്കാട് കുതിരപ്പോലീസിൻ്റെ അടുത്തു നിന്ന് ഒന്നാന്തരമായി കുതിരയോട്ടം പഠിച്ചവനാ ഞാൻ.. എന്നെക്കൂടാതെ കേരളത്തിൽ ഭീമൻ രഘു മാത്രമേ തൈക്കാട് കുതിരപ്പോലീസിൽ നിന്നും കുതിരയോട്ടം അഭ്യസിച്ചിട്ടുള്ളൂ… കുതിരപ്പോലീസിലെ ചില കുതിരകൾ എന്നെക്കണ്ടാൽ ചിനയ്ക്കുക വരെ ചെയ്യും, അറിയാമോ…?!! ഇങ്ങനെ പോയി മനുച്ചേട്ടൻ്റെ സംസാരം. ഹൊ എനിക്കങ്ങ് സന്തോഷമായി എന്ന് പ്രത്യേകം പറയണ്ടല്ലോ…! രാജാവിനെ ഫിക്സ് ചെയ്തു. ഷൂട്ടിംഗ് തുടങ്ങുന്നതിനു ഒരാഴ്ച മുൻപ് ഞാൻ മനുച്ചേട്ടനെ വിളിച്ചു. ചേട്ടാ ഓക്കെയല്ലേ…? പിന്നേ.. ഞാനിപ്പോ അത്യാവശ്യം എക്സർസൈസ് ഒക്കെ ചെയ്തു തുടങ്ങി… ശരീര മനങ്ങാതെ ഇരുന്നിട്ട് അത്ര പെട്ടെന്നു പോയി കുതിരയെ ഓടിക്കാൻ പറ്റില്ല. അതും കൂടി കേട്ടപ്പോ എനിക്ക് വീണ്ടും സന്തോഷം…!

ഷൂട്ടിൻ്റെ തലേ ദിവസം മനുച്ചേട്ടൻ്റെ കോൾ, മനോജേ കുതിരയെ ഒത്തിരി സ്പീഡിൽ ഓടിക്കണോ അതോ നോർമ്മൽ സ്പീഡ് മതിയോ…? ചേട്ടാ അത് തമിഴൻ ഡയറക്ടറുടെ അപ്പോഴത്തെ മൂഢ് പോലെയിരിക്കും, എന്നു ഞാൻ. അല്ലാ എന്തായാലും എനിക്ക തൊരു പ്രശ്നമല്ല. പിന്നെന്താ ചേട്ടാ പ്രശ്നം. ചേട്ടൻ നാളെ വന്ന് പൊളിച്ചടുക്ക്. സന്തോഷത്തോടെ ഫോൺ വച്ചു.

ഷൂട്ടിംഗ് ദിവസം – ചിത്രാഞ്ജലി സ്റ്റുഡിയോ. ലാൻറ് സ്കേപ്പിലേയ്ക്ക് പോകുന്ന വഴി ഒരു വലിയ മരം നിൽക്കുന്ന ഭാഗമുണ്ട് – (ഇപ്പോ അവിടെ ഒരു മേക്കപ്പ് റൂമുണ്ട് -ചെറിയ ഒരു ബിൽഡിംഗ്) അവിടെ വച്ചാണ് ഷൂട്ട്. പറഞ്ഞ പ്രകാരം കുതിരപ്പോലീസിൻ്റെ മൂന്നു കുതിരകൾ വന്നു. മനുവർമ്മച്ചേട്ടൻ രാജാവിൻ്റെ ആടയാഭരണങ്ങൾ അണിഞ്ഞ് മേക്കപ്പ് ചെയ്ത് നടന്നു വരുന്നത് എനിക്ക് കാണാം. ആഹാ എന്തൊരന്തസ്സ് എന്തൊരു ഗാംഭീര്യം, പ്രൗഢി….! ആഞ്ഞ മൂന്നു കുതിരകളെ കണ്ട മനുച്ചേട്ടൻ എന്നെ അടുത്തേയ്ക്ക് വിളിച്ച് ചോദിച്ചു.. ‘മനോജേ.. ഞാനീ കുതിരയുടെ കടിഞ്ഞാണിൽ പിടിച്ച് കാട്ടിലൂടെ നടന്നാൽ മതിയോ’..??!! ഒന്നു ഞെട്ടി ഞാൻ.. എൻ്റെ ഭാവമാറ്റം കണ്ട്, ഉടൻ തന്നെ മനുച്ചേട്ടൻ..’അല്ലാ വേറൊന്നും കൊണ്ടല്ല, ഈ രാജാവിൻ്റെ ഡ്രസ്സ് ഇട്ടു കൊണ്ട് കുതിരപ്പുറത്ത് കേറാൻ വയ്യാത്ത കൊണ്ടാ’.. ഈശ്വരാ തമിഴൻ ഡയറക്ടറുടെ ചീത്ത വിളി ഞാനിന്ന് പൊളക്കെ കേൾക്കും. എൻ്റെയുറപ്പിലാണ് രാജാവിനെ ഫിക്സ് ചെയ്തത്. “കുതിരപ്പുറത്ത് സാറിനെ ഞങ്ങൾ കേറ്റിത്തരാം, അതോർത്ത് വിഷമിക്കണ്ട” കുതിരയെ കൊണ്ടുവന്ന പോലീസുകാരൻ മനുച്ചേട്ടന് ധൈര്യം പകർന്നു.. പോലീസുകാരനെ വല്ലാത്ത ഒരു നോട്ടം നോക്കീട്ട് – ‘എന്നാപ്പിന്നെ പ്രശ്നമില്ലാ എന്നു പറഞ്ഞ് ” വീണ്ടും മനുച്ചേട്ടൻ ഉഷാറായി. ഒരു സ്റ്റൂൾ ഇട്ടു കൊടുത്ത് പോലീസുകാർ മനുച്ചേട്ടനെ കുതിരപ്പുറത്ത് എത്തിച്ചു. അവിടെയിരുന്ന് വീണ്ടും പഴയ കുതിര സവാരിയുടെ വീരകഥകൾ പറയുകയാണ് മനുച്ചേട്ടൻ.. കൂട്ടത്തിൽ എന്നോടൊരു ചോദ്യം ‘അല്ലാ ഷോട്ട് സമയത്ത് ഈ പോലീസുകാരനെ കുതിരയുടെ കൂടെ നടത്താവോ ? ക്യാമറയിൽ കാണാതെ..? എൻ്റെ മുഖം വീണ്ടും വിളറി.. അതു കണ്ടിട്ട് മനുച്ചേട്ടൻ വീണ്ടും.. അല്ലാ എനിക്കീ കുതിരയെ അത്ര പരിചയമില്ലല്ലോ, കുതിരയ്ക്ക് എന്നെയും അപ്പോ ഞാൻ പറഞ്ഞാ അനുസരിക്കണമെന്നില്ല അതാ.. ! ശരി. കുതിരയെ നന്നായി മനുച്ചേട്ടന് ഒന്നു പരിചയപ്പെടുത്തി കൊടുക്കാൻ പോലീസുകാരനെ ഏൽപ്പിച്ചിട്ട് ഞാൻ തമിഴൻ ഡയറക്ടറുടെ അടുത്തേയ്ക്ക് നടന്നു..

ഇവിടെയാണ് ഈ സംഭവ കഥയിലെ നിർണ്ണായക ട്വിസ്റ്റ് സംഭവിക്കുന്നത്..!
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ജംബോ ഫ്ലൈറ്റ് അതിഭയങ്കരമായ ശബ്ദത്തോടു കൂടി ചിത്രാഞ്ജലിയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്ന് ലാൻഡിംഗിനായി വരികയാണ്. ഫ്ലൈറ്റിൻ്റെ സൗണ്ട് കേട്ട് കുതിര വിരണ്ടു.. പരിചയപ്പെട്ടു കൊണ്ടിരുന്ന മനുവർമ്മയേയും കൊണ്ട് ലാൻറ് സ്കേപ്പിലേയ്ക്ക് പാഞ്ഞു.. പിറകെ പോലീസുകാർ ഓടുന്നു.. കുതിരയേയും മനുച്ചേട്ടനെയും മാത്രം കണ്ട തമിഴ് ഡയറക്ടർ എന്നോട് സന്തോഷത്തോടെ.”ഡേയ് അവനു് നല്ലാ റൈഡിംഗ് തെരിയുമെടാ.. സൂപ്പർ” അതു മുഴുവൻ കേൾക്കാൻ നിൽക്കാതെ ഞാൻ കുതിരയ്ക്കും പോലീസുകാർക്കും പിന്നാലെ ലാൻ്റ്സ്കേപ്പിലേയ്ക്ക് ഓടി….! സമുദ്രനിരപ്പിൽ നിന്നും നല്ല ഉയരത്തിലുള്ള ചിത്രാഞ്ജലി ലാൻ്റ് സ്കേപ്പിൻ്റെ സൈഡിലുള്ള മരങ്ങൾ മുഴുവൻ വെട്ടിത്തെളിച്ചിട്ടിരിക്കുന്ന സമയമാണത്. അതായത് ലാൻ്റ് സ്കേപ്പിൻ്റെ സൈഡിൽ നിന്നു കാൽ വഴുതിയാൽ 150 അടി താഴേയ്ക്ക് ഒരു തടസ്സവും കൂടാതെ വീഴും. പൊടിപോലും കിട്ടില്ല. അവിടേയ്ക്കാണ് കുതിര മനുച്ചേട്ടനെയും കൊണ്ട് പായുന്നത്..! ഓടുന്ന കുതിരയെ നിർത്താനുള്ള ‘ഹാൾട്ട് ഹാൾട്ട് ‘ എന്ന വാചകം പണ്ടു പഠിച്ചത് ഭാഗ്യത്തിന് ഓർമ്മ വന്നതുകൊണ്ട് ലാൻ്റ് സ്കേപ്പ് എത്തുംമുൻപ് മനു ചേട്ടൻ ‘ഹാൾട്ട് ഹാൾട്ട് ‘ എന്നലറുന്നുണ്ടായിരുന്നു.. ഫ്ലൈറ്റിൻ്റെ ശബ്ദത്തിനിടയ്ക്ക് അതെങ്ങനെയോ കേട്ട് ലാൻ്റ് സ്കേപ്പിൻ്റെ എഡ്ജിനു തൊട്ടു മുൻപേ ഭാഗ്യത്തിന് കുതിര നിന്നു….ഓടി വന്ന പോലീസുകാർ കുതിരയെ പിടിച്ചു നിർത്തി. എന്താ യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിഞ്ഞ എനിക്ക് ചിരി അടക്കാനായില്ല….! ലാൻ്റ് സ്കേപ്പിലെ പുല്ലിൽ കിടന്ന് ഞാനറഞ്ഞു ചിരിച്ചു….! പോലീസുകാരുടെ സഹായത്താൽ കുതിരപ്പുറത്തു നിന്നും വിളറി, വിറച്ച് ഇറങ്ങുന്ന മനുവർമ്മച്ചേട്ടൻ്റെ രാജാപ്പാർട്ട് വേഷം ഇന്നും എനിക്കോർമ്മയുണ്ട്….!പ്രത്യേകിച്ച്, കുതിരകളെ കാണുമ്പോഴൊക്കെ ഞാനത് ഓർത്തു പോകും….!
-മനോജ് ശ്രീലകം.
ഇങ്ങനെയാണ് മനോജ് ശ്രീലകം എഴുതിയ കുറുപ്പ് അവസാനിക്കുന്നത്.

Related Articles

Latest Articles