Monday, May 6, 2024
spot_img

വായ്പ്പുണ്ണ് കാരണം വായ തുറക്കാൻ പറ്റുന്നില്ലേ? എന്നാൽ ഈ വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ചോളൂ

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. വായ്പ്പുണ്ണ് അഥവ വായിലെ അൾസർ എന്ന് കേൾക്കുന്നത് തന്നെ പലർക്കും പേടിയാണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ അസഹ്യമായ നീറ്റലും വായ്പ്പുണ്ണ് ഉള്ള ഭാഗത്ത്‌ അനുഭവപ്പെടും.

വായുടെ ഉൾഭാ​ഗത്ത് അറിയാതെ കടിക്കുന്നതാണ് ഇത് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വൈറ്റമിൻ്റെ കുറവ് ഉള്ളവർക്കും ഈ അവസ്ഥയുണ്ടാകാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയമേ ഇത് പോകുമെങ്കിലും ഇതിൻ്റെ വേദന അസഹീനമയാകുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ അൾസറിനെ എളുപ്പത്തിൽ തുരത്താൻ സാധിക്കും.

തുളസി

നിരവധി ഔഷധ ​ഗുണങ്ങളുള്ള ചെടിയാണ് തുളസി. പല അസുഖങ്ങൾക്കും പണ്ട് കാലം മുതലെ തുളസിയില പലരും ഉപയോ​ഗിക്കാറുണ്ട്. തുളസിയിലയ്ക്ക് വളരെയധികം ആരോഗ്യ ഗുണങ്ങളുണ്ട്, വായിലെ അൾസർക്കുള്ള പ്രതിവിധിയായി പ്രവർത്തിക്കുന്നു. തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കണം, അൾസർ എളുപ്പത്തിൽ മാറും. നന്നായി കഴുകി ദിവസവും നാല് മണിക്കൂർ കൂടുമ്പോൾ നാലോ അഞ്ചോ ഇലകൾ കഴിക്കുന്നത് ഏറെ നല്ലതാണ്. തുളസിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാൻ സഹായിക്കും. തുളസിയില ചവച്ച ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കുലുക്കുഴിയുക. ഇങ്ങനെ ദിവസവും രണ്ട് തവണ വീതം ചെയ്‌താൽ വായ്പ്പുണ്ണ് വേഗത്തിൽ ശമിക്കും.

​ഉലുവ ഇലകൾ

മുടിയ്ക്കും ആരോ​ഗ്യത്തിനും ഏറെ നല്ലതാണ് ഉലുവ. ഉലുവ നമ്മുടെ ശരീരത്തിന് വിവിധ തലങ്ങളിലെ പ്രശ്നങ്ങൾക്ക് പ്രതിവിധിയായി പ്രവർത്തിക്കുന്നുണ്ട്. പാചകത്തിലും ഉലുവയ്ക്കുള്ള പങ്ക് ഏറെ വലുതാണ്. ഉലുവ പോലെ തന്നെ ഉലുവയുടെ ഇലകൾക്കും ഏറെ ​ഗുണങ്ങളുണ്ട്. വായ്പ്പുണ്ണ് മാറ്റാനുള്ള ഏറ്റവും മികച്ച പരിഹാര മാ‍ർ​ഗങ്ങളിലൊന്നാണ് ഉലുവയില. അതിനായി ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ നന്നായി കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ഇത് കൊണ്ട് വാ കഴുകുന്നത് വായ്പ്പുണ്ണ് മാറ്റാൻ ഏറെ സഹായിക്കും. ദിവസവും ഇങ്ങനെ ചെയ്‌താൽ വായ്‌പ്പുണ്ണിന്റെ പ്രശ്‌നം മാറും.

​മഞ്ഞൾ

ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു ഘടകമാണ് ഇത് വായിലെ അൾസർ പ്രശ്നങ്ങൾക്ക് നന്നായി പ്രവർത്തിക്കുന്നു. ഒരു നുള്ള് മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുക. ഇത് എളുപ്പത്തിൽ ഭേദമാക്കാൻ സഹായിക്കും. മഞ്ഞളും തേനും ചേർത്ത് ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. വായിലെ ച‍ർമ്മത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ്. തേനും മഞ്ഞളും ചേർത്ത് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് തേയ്ക്കാവുന്നതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.

നെല്ലിക്ക

വൈറ്റമിൻ സിയുടെ കുറവ് മൂലവും വായിൽ അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നെല്ലിക്ക ആരോ​ഗ്യത്തിന് വളരെയധികം നല്ലതാണ്. ആരോ​ഗ്യത്തിനും മാത്രമല്ല സൗന്ദര്യത്തിനും ഇത് ഏറെ മികച്ചതാണ്. നാട്ടുവൈദ്യത്തിൽ പോലും അനിവാര്യമായ ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ സി കൊണ്ട് വളരെയധികം സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് വെറുതെ കഴിക്കുന്നതും ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. നെല്ലിക്ക പൊടിച്ചത് വെള്ളത്തിൽ കലർത്തി വ്രണമുള്ള ഭാ​ഗത്ത് പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും.

Related Articles

Latest Articles