Tuesday, May 28, 2024
spot_img

ഫുട്ബോൾ പ്രേമികളുടെ മനസിലെ ഇതിഹാസ താരം:ഡിയേഗോ മറഡോണയ്ക്ക് ഇന്ന് 62-ാം ജന്മവാര്‍ഷികം

ഫുട്ബോൾ ഇതിഹാസ താരം ഡിയേഗോ മറഡോണയ്ക്ക് ഇന്ന് 62-ാം ജന്മവാര്‍ഷികം. ദാരിദ്ര്യത്തില്‍ കഴിഞ്ഞ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയെ ലോക ഫുട്ബോളിന്റെ നെറുകയില്‍ എത്തിച്ച മഹാപ്രതിഭ എന്ന സവിശേഷതയും ഡിയേഗോ മറഡോണയ്ക്കുണ്ട് . ലോകത്തെ എക്കാലത്തേയും മികച്ച ഫുട്ബോളറായാണ് മറഡോണ അറിയപ്പെടുന്നത്.

തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി മാറഡോണ കളിച്ചിട്ടുണ്ട് . വെള്ളയും നീലയും കലര്‍ന്ന അര്‍ജന്റീനയുടെ ജഴ്‌സിയില്‍ 91 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 34 ഗോളുകളാണ് സ്വന്തമാക്കിയത്.

അര്‍ജന്റീനയ്ക്ക് രണ്ടാം തവണ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായിരുന്നു മറഡോണ. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു. ലോകകപ്പിലെ 21 മത്സരങ്ങളില്‍ നിന്നായി 8 ഗോളുകള്‍ മറഡോണ സ്വന്തമാക്കിയിട്ടുണ്ട്. 588 ക്ലബ്ബ് മത്സരങ്ങളില്‍ നിന്നായി 312 ഗോളുകളും അദ്ദേഹം നേടി.

1986-ലെ ലോകകപ്പില്‍ മറഡോണ നയിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തിയാണ് ലോകകപ്പ് നേടിയത് . ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Related Articles

Latest Articles