Friday, January 9, 2026

ഇതാണ് മണവാളൻ റിയാസ്, വിവാഹാലോചന നടത്തും,എന്നിട്ട് വശീകരിച്ച് സ്വർണവും പണവും തട്ടും,മുങ്ങും

 വിവാഹാലോചന നടത്തി പെണ്‍കുട്ടികളുടെ സ്വര്‍ണം തട്ടിയെടുക്കുന്ന കേസുകളിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയിലായി. മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മണവാളന്‍ റിയാസ് എന്ന മുഹമ്മദ് റിയാസ് ആണ് പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലായത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വിവാഹം ആലോചിച്ച ശേഷം മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു കൂടുതല്‍ അടുത്ത് ഇടപഴകും. പിന്നീട് ആഭരണം മാറ്റി പുതിയ ഫാഷന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ പെരിന്തല്‍മണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് ഇയാളുടെ രീതി.

ഇത്തരത്തില്‍ ലഭിക്കുന്ന പണം കൊണ്ട് മേലാറ്റൂരില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. ഇയാളെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വലയിലാക്കിയത്. മറ്റ് പല സ്ഥലങ്ങളിലും പ്രതി സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതി വില്‍പ്പന നടത്തിയ 7 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles