കണ്ണൂർ : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. അച്ചടക്കനടപടി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായതെങ്കിലും ഇന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമായുണ്ടായത്. രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് , 2021-ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പയ്യന്നൂർ എംഎൽഎയുമായ ടിഐ മധുസൂദനന്റെ നേതൃത്വത്തിൽ സാമ്പത്തിക തിരിമറി നടന്നുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം.
2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണൻ സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തോടെ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് വീണ്ടും ആരോപിച്ചത്. ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടിൽ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി ശാസിച്ചത്.
മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ഉള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. വാർത്ത ചോർത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കിൽ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റ പരിസരത്തു നിൽക്കാൻ പറ്റുന്ന പണി ആണോ ഇത്. മധുവിനോടുള്ള പകയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കാൻ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണൻ പ്രവർത്തിക്കുന്നത്.
റസീറ്റ് അടിച്ചതിൽ അക്ഷരത്തെറ്റ് ഉണ്ടായി. 6 ബുക്കുകളിൽ പിശക് ഉണ്ടായി. അത് നശിപ്പിക്കുന്നതിൽ ജാഗ്രതകുറവുണ്ടായി. എന്നാൽ ഈ റസീറ്റ് ഉപയോഗിച്ച് പണം പിരിച്ചത് മധുസൂദനൻ അല്ല. ചില ബുക്കുകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും കെകെ രാഗേഷ് സമ്മതിച്ചു.
അതേസമയം നടപടി പ്രതീക്ഷിക്കുന്നുവെന്നും, മറ്റൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചിരുന്നു. 50 വർഷത്തിലധികമായി പാർട്ടി അംഗത്വമുള്ള നേതാവാണ് 74-കാരനായ വി. കുഞ്ഞികൃഷ്ണൻ. 24-ാം വയസ്സിൽ പാർട്ടി അംഗത്വമെടുത്ത കുഞ്ഞികൃഷ്ണൻ ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ ഏരിയാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചാണ് ജില്ലാകമ്മിറ്റി അംഗമായത്. പയ്യന്നൂരിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്കനടപടിയുടെ സമയത്താണ് ഏരിയാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത്. പിന്നീട് പ്രവർത്തനരംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം സമ്മർദത്തിന് വഴങ്ങി തിരിച്ചെത്തുകയും ജില്ലാകമ്മിറ്റിയിലെ ക്ഷണിതാവുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിൽ ജില്ലാകമ്മിറ്റി അംഗമായി.

