Thursday, October 1, 2026

ആകാശത്ത് അഗ്നിചിറകുകൾ വിരിച്ച് വ്യോമസേന; ‘ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മ പുതുക്കി 77-ാം റിപ്പബ്ലിക് ദിനത്തിൽ അത്ഭുതകരമായ ഫ്ലൈപാസ്റ്റ്; ഓപ്പറേഷൻ സിന്ദൂർ ഫോർമേഷനിൽ അണിനിരന്ന് റാഫേൽ -സുഖോയ് – മിഗ് വിമാനങ്ങൾ

ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദില്ലി കർത്തവ്യപഥിൽ കാണികളിൽ ആവേശം വിതറി വ്യോമസേനയുടെ ആകാശപ്രകടനം. പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെയും മുഖ്യാതിഥികളായ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുടെയും സാന്നിധ്യത്തിൽ നടന്ന ഈ വർഷത്തെ ഫ്ലൈപാസ്റ്റ് സൈനിക കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഉജ്ജ്വലമായ കാഴ്ചയായിരുന്നു. 16 യുദ്ധവിമാനങ്ങൾ, നാല് ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, ഒമ്പത് ഹെലികോപ്റ്ററുകൾ എന്നിങ്ങനെ ആകെ 29 വിമാനങ്ങളാണ് ഇത്തവണ ആകാശത്ത് അണിനിരന്നത്.

റഫാൽ, സുഖോയ്-30 എംകെഐ, മിഗ്-29, ജാഗ്വാർ തുടങ്ങിയ കരുത്തുറ്റ യുദ്ധവിമാനങ്ങൾക്കൊപ്പം തന്ത്രപ്രധാന സി-130, സി-295 വിമാനങ്ങളും നാവികസേനയുടെ പി-8ഐ വിമാനവും അണിനിരന്നപ്പോൾ കർത്തവ്യ പഥിലെ ആകാശം ത്രിവർണ്ണാഭമായി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരെ തുടച്ചുനീക്കാൻ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിന് ആദരവർപ്പിച്ചു കൊണ്ടുള്ള വിമാനങ്ങളുടെ വിന്യാസമായിരുന്നു. ഈ ദൗത്യത്തിന്റെ ഓർമ്മയ്ക്കായി ‘സിന്ദൂർ ഫോർമേഷൻ’ എന്ന പേരിൽ രണ്ട് റഫാൽ വിമാനങ്ങളും രണ്ട് മിഗ്-29 വിമാനങ്ങളും രണ്ട് സുഖോയ്-30 വിമാനങ്ങളും ഒരു ജാഗ്വാർ വിമാനവും ചേർന്നുള്ള ‘സ്പിയർഹെഡ്’ പ്രകടനമാണ് നടത്തിയത്. കൂടാതെ ‘പ്രഹർ ഫോർമേഷനിൽ’ ഓപ്പറേഷൻ സിന്ദൂർ പതാകയുമായി പറന്ന ധ്രുവ് ഹെലികോപ്റ്റർ കാണികളിൽ ദേശാഭിമാനം നിറച്ചു.

ആറ് റഫാൽ വിമാനങ്ങൾ ഒത്തുചേർന്ന് നടത്തിയ ‘വജ്രാംഗ്’ ഫോർമേഷനും വ്യോമസേനയുടെ പാരമ്പര്യമായ ‘ത്രിശൂൽ’, ‘വിക്’ ഫോർമേഷനുകളും വിസ്മയകരമായിരുന്നു. സാഹസികമായ ‘വെർട്ടിക്കൽ ചാർലി’ അഭ്യാസത്തോടെയാണ് വ്യോമാഭ്യാസം സമാപിച്ചത്. ആകാശത്തിലെ പ്രകടനങ്ങൾക്ക് പുറമെ ഭൂമിയിൽ സ്ക്വാഡ്രൺ ലീഡർ ജഗദേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാല് ഓഫീസർമാരും 144 വ്യോമസേനാംഗങ്ങളും അടങ്ങുന്ന സംഘം മാർച്ചിൽ അണിനിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ പ്രമുഖരും നൂറോളം കലാകാരന്മാരുടെ ‘വിവിധതയിൽ ഏകത്വം’ എന്ന പ്രമേയത്തിലുള്ള കലാപ്രകടനങ്ങളും പരേഡിന് മാറ്റുകൂട്ടി.

Related Articles

Latest Articles