തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം തള്ളി ഹൈക്കോടതി . ഇഡി അന്വേഷണത്തിന് നിലവിലുണ്ടായിരുന്ന സ്റ്റേ കോടതി നീക്കിയതോടെ കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. കരിമണൽ കമ്പനിയായ സിഎംആർഎല്ലും സ്ഥാപനത്തിലെ നാല് ഉദ്യോഗസ്ഥരുമാണ് ഇഡി നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നാണ് ഈ കേസിലെ പ്രധാന ആരോപണം. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച് സിഎംആർഎല്ലിനെതിരെ ഉയർന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്. ഈ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികൾ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. എന്നാൽ ഇഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO) ഈ സാമ്പത്തിക ഇടപാടുകളിൽ ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.
കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ആരംഭിച്ച എല്ലാ നടപടികളും റദ്ദാക്കണമെന്നായിരുന്നു സിഎംആർഎൽ ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ കേസിൽ വീണാ വിജയൻ ഉൾപ്പെടെയുള്ളവരിലേക്ക് ഇഡി അന്വേഷണം കൂടുതൽ ഊർജ്ജിതമായി വ്യാപിപ്പിക്കുമെന്നാണ് സൂചന.

