Monday, April 29, 2024
spot_img

യുപിയിലെ പുതിയ പാതയിൽ പ്രധാനമന്ത്രിയുടെ രാജകീയ എൻട്രി; പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ മോദി ഇറങ്ങിയത് വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ

ലക്‌നൗ: 341 കിലോമീറ്റർ വരുന്ന ഉത്തർപ്രദേശിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാതയിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ ഇറങ്ങിയാണ് പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യാനെത്തിയത്.

ഈ വിമാനത്തിന്റെ ഇരമ്പം ദശാബ്ദങ്ങളോളം രാജ്യത്തെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ചവരുടെ കാതുകളിലാണ് പതിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.മാത്രമല്ല പാതയുടെ നിർമാണം വിജയകരമായി പൂർത്തിയാക്കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

യോഗി ആദിത്യനാഥിനെ ഊർജ്ജസ്വലനായ മുഖ്യമന്ത്രിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. യുപിയിൽ നേരത്തെയുളള മുഖ്യമന്ത്രിമാരുടെ കാലത്ത് വികസനം അവരുടെ വീടിരിക്കുന്ന സ്ഥലങ്ങളിലും കുടുംബാംഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലും മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കിഴക്കൻ ഉത്തർപ്രദേശിനെ മാഫിയാവാദായും ദാരിദ്രത്തിലേക്കും തള്ളിവിടുകയായിരുന്നു മുൻ സർക്കാരുകൾ. എന്നാൽ ബിജെപി സർക്കാർ ഇവിടെ വികസനത്തിന്റെ പുതിയ അദ്ധ്യായമാണ് കുറിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തിര ഘട്ടങ്ങളിൽ രാജ്യത്തെ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ് പൂർവ്വാഞ്ചലിൽ നിർമിച്ച എയർസ്ട്രിപ്പ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ യുദ്ധവിമാനങ്ങളും വൈകാതെ ഹൈവേകളിൽ ലാൻഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞൂ

യോഗി സർക്കാരിന് മുൻപ് അധികാരത്തിലിരുന്നവർ യുപിയിലെ ജനങ്ങളോട് അനീതിയാണ് കാണിച്ചത്. വികസനത്തിലാണ് അവർ വേർതിരിവ് കാട്ടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം സുൽത്താൻപൂര് ജില്ലയിലെ കർവാൾ ഖേരിയിലാണ് 3.2 കിലോമീറ്ററിൽ സൈനിക വിമാനങ്ങൾക്ക് അടക്കം അടിയന്തിര ലാൻഡിംഗിന് സഹായിക്കുന്ന എയർ സ്ട്രിപ്പ് ഒരുക്കിയിരിക്കുന്നത്.

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിനെയും ഗാസിപ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത. 22,500 കോടി മുതൽമുടക്കിലാണ് പാത നിർമിച്ചിരിക്കുന്നത്.

Related Articles

Latest Articles