Monday, October 26, 2026

ചൈനയിലെ സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം; രണ്ട് മരണം, 66 പേർക്ക് ഗുരുതര പരിക്ക് ; പ്രകമ്പനം കിലോമീറ്ററുകളോളം

ബീജിംഗ്: ചൈനയിലെ സ്വയംഭരണ പ്രദേശമായ ഇന്നർ മംഗോളിയയിലെ സ്റ്റീൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ബാവോട്ടു നഗരത്തിലെ ബാവോഗാങ് യുണൈറ്റഡ് സ്റ്റീൽ പ്ലാന്റിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ 66 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

അത്യന്തം പ്രഹരശേഷിയുള്ള സ്ഫോടനമാണ് പ്ലാന്റിൽ നടന്നതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സ്ഫോടനത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ പ്ലാന്റിന് സമീപമുള്ള കെട്ടിടങ്ങളുടെ ജനൽ ചില്ലകൾ തകരുകയും കിലോമീറ്ററുകളോളം പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ആകാശത്തേക്ക് കിലോമീറ്ററുകളോളം ദൂരെ നിന്ന് ദൃശ്യമാകുന്ന കറുത്ത പുക പടർന്നത് ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ സേനയുടെയും നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായവർക്കായി ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.

സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ചൈനീസ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്നർ മംഗോളിയയിലെ റീജിയണൽ പാർട്ടി കമ്മിറ്റിയും പ്രാദേശിക ഭരണകൂടവും നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വ്യവസായ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ചൈനയിലെ വ്യാവസായിക മേഖലകളിൽ സുരക്ഷാ വീഴ്ചകൾ തുടർച്ചയാകുന്നതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. 2015-ൽ ടിയാൻജിനിലെ കെമിക്കൽ വെയർഹൗസിലുണ്ടായ സ്ഫോടനത്തിൽ 170-ലധികം പേർ കൊല്ലപ്പെട്ടത് ആഗോളതലത്തിൽ ചർച്ചയായായിരുന്നു. സമാനമായ രീതിയിൽ സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതാണ് ഇത്തരം വൻ ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും ആരോപിക്കുന്നു. നിലവിൽ സ്ഫോടനം നടന്ന പ്ലാന്റ് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

Related Articles

Latest Articles