തളിപ്പറമ്പ്: കണ്ണൂര് തളിപ്പറമ്പിലെ വ്യാപാരകേന്ദ്രത്തിൽ വന്തീപിടിത്തം. ബസ് സ്റ്റാന്ഡിന് സമീപം ദേശീയപാതയോട് ചേര്ന്നുള്ള കെട്ടിടത്തിലാണ് വൻ അഗ്നിബാധയുണ്ടായത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം. നിലവിൽ പത്തോളം കെട്ടിടങ്ങളിൽ തീ പടർന്നിട്ടുണ്ട് എന്നാണ് വിവരം. തീയണയ്ക്കാന് ആവശ്യമായ അഗ്നിശമനസേനാ യൂണിറ്റുകള് എത്തിയിട്ടില്ലെന്നും അധികൃതര് നിസ്സംഗത കാണിച്ചുവെന്നും നാട്ടുകാര് ആരോപിക്കുന്നുണ്ട്.
മൊബൈല് ഷോപ്പുകളും തുണിക്കടകളും ഉള്ക്കൊള്ളുന്നതാണ് കെട്ടിടം. തീപിടിത്തത്തിൽ ഇതുവരെ ആളാപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല. കണ്ണൂര്, പയ്യന്നൂര് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്.

