കൂട്ട പിരിച്ചുവിടലുമായി ആഗോള ഐടി ഭീമനായ ഒറാക്കിൾ. തങ്ങളുടെ വിവിധ ഓഫീസുകളിൽ നിന്ന് 30000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുടുന്നത്. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരെയും ഈ തീരുമാനം ബാധിച്ചിട്ടുണ്ട്. യാതൊരു മുൻകൂർ അറിയിപ്പും നൽകാതെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ ഇമെയിൽ വഴിയാണ് പിരിച്ചുവിടൽ വിവരം കമ്പനി ജീവനക്കാരെ അറിയിച്ചത്. സ്ഥാപനത്തിന്റെ ആഭ്യന്തര ഘടനയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനസംഘടനയുടെ ഭാഗമായാണ് ഈ പിരിച്ചുവിടൽ നടക്കുന്നത്. ഏകദേശം 20,000 മുതൽ 30,000 വരെ ജീവനക്കാരെ ഈ നടപടി ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ 18 ശതമാനത്തോളം വരും. നിർമ്മിത ബുദ്ധി (AI) മേഖലയിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ വലിയ തുക കണ്ടെത്താനാണ് ഇത്രയധികം ജീവനക്കാരെ ഒറാക്കിൾ പുറത്താക്കുന്നത്. കടമെടുത്ത് നടത്തുന്ന എഐ ഡാറ്റാ സെന്റർ പദ്ധതികൾ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലുള്ള ഒറാക്കിൾ ഓഫീസുകളിലെ ജീവനക്കാരെയും ഈ തീരുമാനം സാരമായി ബാധിച്ചിട്ടുണ്ട്. ഇമെയിൽ ലഭിച്ച ദിവസം തന്നെയാണ് പലരുടെയും അവസാന പ്രവൃത്തിദിവസമായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പുറത്താക്കപ്പെട്ടവർക്ക് സെവറൻസ് പാക്കേജുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വർഷങ്ങളോളം ജോലി ചെയ്തവർക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആധിപത്യത്തിനായി ഐടി കമ്പനികൾ നടത്തുന്ന വമ്പൻ മാറ്റങ്ങൾ സാധാരണ ജീവനക്കാരുടെ തൊഴിൽ സുരക്ഷയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഒറാക്കിളിലെ നിലവിലെ സംഭവവികാസങ്ങൾ.

