Wednesday, May 8, 2024
spot_img

കളിക്കുന്നതിനിടെ വീണു കയ്യൊടിഞ്ഞു, തലശ്ശേരി ജനറൽ ആശുപത്രിയടക്കം വിദ്യാർത്ഥി ചികിത്സക്കായി അലഞ്ഞത് നിരവധി ആശുപത്രികളിൽ, ശരിയായ ചികിത്സ ലഭിക്കാതെ ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ കൈ മുറിച്ചുമാറ്റി

തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവ്.ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ പ്രവേശിപ്പിച്ചത് തലശേരി ജനറൽ ആശുപത്രിയിൽ.എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന അവസ്ഥയാണ് നേരിടേണ്ടി വന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും സംഭവിച്ചത് വലിയ അനാസ്ഥയാണ്.തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു 17കാരനായ സുൽത്താൻ.

ഒക്ടോബർ 30 ന് വൈകീട്ടാണ് അപകടം നടന്നത്. വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണാണ് എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീൻ കേടായിരുന്നു. എക്സ്റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിൽ എക്സ്റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്സ്റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു. തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ വിജുമോൻ ശസ്ത്രക്രിയ നിർദ്ദേശിച്ചു. എന്നാൽ നടപടികൾ കൈക്കൊണ്ടില്ല. നവംബർ ഒന്നിന് രാവിലെ കൈ നിറം മാറി. തുടർന്ന് വിജുമോൻ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.

പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളേജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റി. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി.

Related Articles

Latest Articles