Saturday, May 11, 2024
spot_img

ജമ്മു കശ്മീരിൽ വൻ ഭീകര വേട്ട;ഏഴ് ലഷ്കർ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു;ഭീകരർ പ്രവർത്തിച്ചിരുന്നത് മൂന്ന് സംഘങ്ങളായി;പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി എത്തിയ ആയുധങ്ങളും പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ വൻ ഭീകര വേട്ട. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള ഏഴ് ലഷ്കർ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കശ്മീരിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഏഴ് പേരെയാണ് ജമ്മുപോലീസ് അറസ്റ്റ് ചെയ്തത്. മൂന്നിടങ്ങളിലായാണ് സംഘം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഇനിയും അറസ്റ്റിലാകുമെന്ന് ജമ്മു പോലീസ് അറിയിച്ചു.

ജമ്മുകശ്മീരിലെ ചില രാഷ്ട്രീയ നേതാക്കളേയും ന്യൂനപക്ഷ സമുദായാംഗങ്ങളേയും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കശ്മീരിലെ മലയോര മേഖലകളിൽ ഭീകരപ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണിതെന്ന് ജമ്മുകശ്മീർ അഡീഷണൽ ഡിജിപി മുകേഷ് സിംഗ് പറഞ്ഞു. പാകിസ്ഥാനിൽ നിന്നും ഡ്രോണുകൾ വഴി ആയുധങ്ങൾ ഇവിടെയെത്തിയെന്നും പോലീസ് വ്യക്തമാക്കി.

പതിനാലോളം തവണ ഡ്രോൺ വഴി ആയുധങ്ങൾ ഇവിടേക്ക് എത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജമ്മുവിലും രജൗരിയിലുമായി മൂന്ന് ഭീകര സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഈ താവളവും സുരക്ഷാ സേന നശിപ്പിച്ചു. ഡ്രോണുകൾ വഴി സ്‌ഫോടക വസ്തുക്കൾ ശേഖരിച്ച് വിവിധ ഇടങ്ങളിൽ എത്തിയ്ക്കുകയാണ് ഇവർ ചെയ്തിരുന്നത്.

2020 ജൂണിൽ ഡ്രോൺ വഴിയെത്തിയ സ്‌ഫോടക വസ്തുക്കൾ ഈ സംഘത്തിന്റേതായിരുന്നുവെന്നും മുകേഷ് സിംഗ് പറഞ്ഞു. ഐഇഡികളും സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും മൂന്ന് സംഘത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസ് സേനാംഗങ്ങളും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

Related Articles

Latest Articles