ലഖ്‌നൗ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 48 മണിക്കൂര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി രഹസ്യ അജണ്ടയാണെന്ന ആരോപണവുമായി ബിഎസ്പി നേതാവ് മായാവതി. കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും മായാവതി ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്ന് മായാവതി പറഞ്ഞു. ഇതൊരു കരിദിനമായി ആചരിക്കും. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായും മായാവതി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി മായാവതിക്ക് 48 മണിക്കൂർ നേരത്തെ വിലക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

