തിരുവനന്തപുരം നഗരത്തിന്റെ വികസനവും ഭാവി നഗരാസൂത്രണവും ലക്ഷ്യമിട്ട് മേയറും പൊതുജനങ്ങളും തമ്മില്‍ നേരിട്ട് സംവദിക്കുന്ന ‘മേയര്‍ കെയേഴ്‌സ്’ എന്ന പേരില്‍ ഇന്ന് വൈകിട്ട് 5.30ന് ജവഹര്‍ നഗറിലെ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചേംബര്‍ ഹാളില്‍ നടക്കും. ‘നേതി നേതി: ലെറ്റ് അസ് ടോക്ക്’ (Neti Neti: Let Us Talk) എന്ന കൂട്ടായ്മയാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ച മേയര്‍ വി. വി. രാജേഷ്, അവിടെ കണ്ടു മനസ്സിലാക്കിയ നഗര ഭരണസംവിധാനങ്ങളെക്കുറിച്ചും വികസന മാതൃകകളെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ സംവാദത്തില്‍ പങ്കുവെക്കും. സന്ദര്‍ശനത്തില്‍ മേയറോടൊപ്പം ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാറും സംവാദത്തില്‍ പങ്കെടുക്കും. യു.എസ് നഗരങ്ങളിലെ മേയര്‍മാരും ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളും അവിടുത്തെ ഭരണരീതികളും ചര്‍ച്ചയാകും.
പ്രധാന ചര്‍ച്ചാവിഷയങ്ങള്‍:
നഗര ഗതാഗതം (Urban Transport) : യു.എസ് മാതൃകയിലുള്ള സുഗമമായ ഗതാഗത സംവിധാനങ്ങള്‍ തിരുവനന്തപുരത്ത് നടപ്പിലാക്കാനുള്ള സാധ്യതകള്‍.
പൊതുസ്ഥല വികസനവും ശുചിത്വവും : നഗരത്തിലെ പൊതുസ്ഥലങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും നഗര ശുചിത്വം ഉറപ്പാക്കുന്നതിനുമുള്ള വഴികള്‍.
അടിസ്ഥാന സൗകര്യ വികസനം : വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍.
”മേയര്‍ കണ്ടു; നഗരത്തിന് ചോദ്യങ്ങളുണ്ട്. നമുക്ക് സംസാരിക്കാം” എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ നിലവിലെ സ്ഥിതിയും വികസന സാധ്യതകളും വിലയിരുത്തുന്നതിനൊപ്പം, നഗര ഭരണത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും നവീനമായ ആശയങ്ങള്‍ സ്വീകരിക്കാനുമാണ് ഈ സംവാദത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. മേയറുടെ ഈ സംവാദ പരിപാടി തത്വമയി ന്യൂസ് തത്സമയം പൊതുജനങ്ങളിലേക്ക് എത്തിയ്ക്കുന്നതായിരിയ്ക്കും.

