തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ അനിശ്ചിതത്വം തുടരുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. 100 ദിവസം പിന്നിട്ട സർക്കാരാണ് പദ്ധതിയുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്നതെന്നും കേരളം പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്ന സാഹചര്യമാണുള്ളതെന്നും അവർ ആരോപിച്ചു.വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്റെ കൈകളിലാണെന്നും ആർ. ശ്രീലേഖ വിമർശിച്ചു. കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലും സർക്കാർ ഇതുസംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു.പദ്ധതിയിലൂടെ കേരളത്തിന് കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായം ലഭിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ എന്തുതന്നെയായാലും സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയാകുന്ന നിലപാട് സ്വീകരിക്കരുതെന്നും ആർ. ശ്രീലേഖ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കുമ്പോൾ കേരളം പിന്നോട്ടുപോകുകയാണെന്നും അവർ ആരോപിച്ചു.
കേരളത്തിൽ നിലവിൽ 47ഓളം കേന്ദ്രസർക്കാർ സ്കൂളുകൾ പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി. കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പദ്ധതിയിലൂടെ വലിയ മാറ്റങ്ങൾ നടപ്പാക്കുന്നുണ്ട്. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ കേരളം പിന്നോട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പി.എം. ശ്രീ പദ്ധതി കൊണ്ടുവന്നത്. പദ്ധതിയുടെ കാലാവധി 2027 സെപ്റ്റംബർ വരെ നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. അതിനാൽ കാലാവധി സംബന്ധിച്ച വാദങ്ങൾ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കാരണമല്ലെന്നും ആർ. ശ്രീലേഖ പറഞ്ഞു.പദ്ധതി നടപ്പാക്കാത്തതിന് സർക്കാർ പറയുന്നത് വിവിധ കാരണങ്ങൾ മാത്രമാണെന്നും ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട സൗകര്യങ്ങളും അവസരങ്ങളും നഷ്ടപ്പെടുകയാണെന്നും അവർ ആരോപിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ ഭാവി തടയരുതെന്നും പി.എം. ശ്രീ കരാറിൽ കേരളം പങ്കാളിയാകണമെന്നതാണ് ബിജെപിയുടെ നിലപാടെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി.കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും ആർ. ശ്രീലേഖ ആവശ്യപ്പെട്ടു.

