തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്ത്. മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും, അല്ലാതെ മന്ത്രിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിപരമായി വിമർശിക്കുന്ന മന്ത്രിക്ക് യോഗ പരിശീലിക്കുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുമെന്ന പരിഹാസവും മേയർ ഉന്നയിച്ചു.
2030-ലെ കാവിലെ പാട്ട് മത്സരത്തിൽ ഇനി കാണാമെന്നും, തൽക്കാലം ജനവിധി മാനിക്കാൻ മന്ത്രി തയ്യാറാകണമെന്നും വി.വി. രാജേഷ് പറഞ്ഞു. കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് ശിവൻകുട്ടി പ്രകടിപ്പിക്കുന്നത്. ഭരണം പോയപ്പോൾ മീനിനെ കരയിലിട്ട അവസ്ഥയാണ് മന്ത്രിയ്ക്കെന്നും, ബംഗാളിലും ത്രിപുരയിലും ചിലർക്ക് സമാനമായ ഇത്തരം അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ വാക്പോരിനൊപ്പം തന്നെ മന്ത്രി ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയും മേയർ നൽകി. സ്കൂളുകളിൽ പാമ്പ് ശല്യം ഉണ്ടായത് മന്ത്രിയുടെ കൂടി ശ്രദ്ധയിൽപ്പെടേണ്ട വിഷയമാണെന്നും, സ്കൂളുകൾ തുറക്കും മുൻപ് അത് പരിഹരിക്കാൻ അദ്ദേഹം മുൻകൈ എടുക്കണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു. നഗരത്തിലെ കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണെന്നും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കുടിവെള്ള കിയോസ്‌കുകൾക്കായി പുതിയ കരാർ ഉടൻ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

