Sunday, May 19, 2024
spot_img

മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസ്, ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരാകും, നരഹത്യ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ നിലനിൽക്കും

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയിലാണ് ഹാജരാകുന്നത്. കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈകോടതി വിധിക്കെതിരെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.

  നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഇതോടെ, ശ്രീറാം വെങ്കിട്ടരാമന് നരഹത്യാക്കുറ്റത്തിനു വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായി. 2019 ആഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്.

ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ്​ നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആറു മാസത്തിനൊടുവില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി ഒന്നിനാണ്​ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫയെ രണ്ടാം പ്രതിയാക്കിയും അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്​. കാറി​ൻെറ അമിതവേഗവും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമ​ൻെറ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും മ്യൂസിയം ​പൊലീസ് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തിയതുമൊക്കെ വിവാദങ്ങൾക്ക്​ കാരണമായി. അടുത്തദിവസം രാവിലെ ശ്രീറാമി​ൻെറ രക്തസാമ്പിള്‍ എടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്തപരിശോധനയില്‍ മദ്യത്തി​ൻെറ അംശം കണ്ടെത്താനായില്ല.

ത​ൻെറ പേരില്‍ രജിസ്​റ്റർ ചെയ്ത വോക്‌സ് വാഗണ്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് വഫ വ്യക്തമാക്കിയിരുന്നു. ശക്തമായ സമ്മര്‍ദം ഉണ്ടായതിനെതുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്​ മുന്നില്‍ വഫയെ ഹാജരാക്കി പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ഇതിനെതുടര്‍ന്നായിരുന്നു ശ്രീറാമി​ൻെറ അറസ്​റ്റ്​.

Related Articles

Latest Articles