Sunday, October 4, 2026

തിരുവനന്തപുരത്തെ കാരക്കോണം മെഡിക്കൽ കോളേജ് കോടികൾ തട്ടുന്ന കോഴ കോളേജോ ? കർണ്ണാടക സ്വദേശിയിൽ നിന്ന് 7.65 കോടി തട്ടിയതിന് മുൻബിഷപ്പ് ധർമ്മരാജ് റസാലത്തിനും സിപിഐ നേതാവ് ബെന്നെറ്റ് എബ്രഹാമിനുമെതിരെ കേസ്; പ്രതികൾക്ക് സംസ്ഥാന സർക്കാർ സംരക്ഷണം ഒരുക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് വീണ്ടും കോഴ ആരോപണങ്ങളുടെ നിഴലിൽ. ആശുപത്രിയിൽ ജോലിക്കും മെഡിക്കൽ സീറ്റിനും കോടികൾ കോഴ വാങ്ങിയ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടയിൽ കർണ്ണാടക പോലീസിനും പരാതി. മല്ലേശ്വരം സ്വദേശിയായ യുവതിയിൽ നിന്ന് പല വാഗ്ദാനങ്ങൾ നൽകി 7.65 കോടി തട്ടിച്ചതായാണ് കേസ്. കേസിൽ മുൻ ബിഷപ്പ് ധർമ്മരാജ് റസാലം, സിപിഐ നേതാവ് ഡോ. ബെന്നറ്റ് എബ്രഹാം, മെഡിക്കൽ കോളേജ് സെക്രട്ടറിമാരായ ലോറൻസ്, പ്രവീൺ ടി ടി, അഡ്‌മിൻ തങ്കരാജ് എന്നിവരാണ് പ്രതികൾ. പ്രതികൾ മുൻ‌കൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചിട്ടില്ലാത്തതിനാൽ ഒളിവിലാണ്.

ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സർക്കാർ എല്ലാവിധ സഹായവും ചെയ്തുകൊടുക്കുന്നതായി സി എസ് ഐ ടി എ അംഗങ്ങളുടെ സംഘടനയായ സി എസ് ഐ ടി എ ബെനിഫിഷ്യറി ആൻഡ് സ്റ്റേക് ഹോൾഡേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആരോപിച്ചു. പ്രതികളെ തേടി ബാംഗ്ളൂർ പോലീസ് തലസ്ഥാനത്ത് എത്തിയപ്പോൾ വെള്ളറട പോലീസ് സംരക്ഷണം ഒരുക്കിയതായും സംഘടന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രാഷ്ട്രീയ രംഗത്തെ ഉന്നതരുടെ മക്കൾ മെഡിക്കൽ പഠനം പൂർത്തിയാക്കിയത് ഇവിടെയാണ്. മാത്രമല്ല രണ്ടാം പ്രതിയായ ഡോ. ബെന്നറ്റ് അബ്രഹാം ഭരണകക്ഷിയായ സിപി ഐ യുടെ നേതാവാണ്. രാഷ്ട്രീയ സ്വാധീനം കാരണം പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നതിനെതിരെ സംഘടന മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്.

കള്ളപ്പണക്കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ 3 ഇ ഡി കേസുകൾ നിലവിലുണ്ട്. ഇതിൽ ഒരെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കർണ്ണാടകയിൽ മറ്റൊരു കോഴക്കേസുകൂടി രജിസ്റ്റർ ചെയ്‌തത്‌. പ്രതികൾ കേരളത്തിൽ തന്നെയുള്ളതായും ടവർ ലൊക്കേഷൻ പത്തനംതിട്ടയാണെന്നും കർണ്ണാടക പോലീസ് അറിയിച്ചു.

Related Articles

Latest Articles