ദില്ലി : സി-295 വിമാനങ്ങളുടെ നിര്‍മാണശാലയായ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേര്‍ന്ന് രാജ്യത്തിന് സമർപ്പിച്ചു. സൈനികവിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫൈനല്‍ അസംബ്ലി ലൈന്‍ നിർമ്മാണ ശാലയാണ് വഡോദരയിലേത്. അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 56 വിമാനങ്ങളാണ് സി-295 പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുന്നത്. ഇതില്‍ 16 എണ്ണവും വിമാനനിര്‍മാതാക്കളായ എയര്‍ബസ് സ്‌പെയിനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യും.
2021 ൽ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയവും സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പെയ്സ് എസ്എയും 21,935 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യ-സ്‌പെയിന്‍ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാന്‍ ടാറ്റ-എയര്‍ബസ് നിര്‍മാണശാല വഴിയൊരുക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ വ്യോമ മേഖലക്ക് പദ്ധതിയിലൂടെ വഴിത്തിരിവാകുമെന്നും കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്നും സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും പറഞ്ഞു.
വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന പഴക്കംചെന്ന അവ്‌റോ-748 വിമാനങ്ങള്‍ക്കു പകരമായാണ് സി- 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ എത്തുന്നത്. 5-10 ടണ്‍ ഭാരം വരെ വഹിക്കാന്‍ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിന് സാധിക്കും. 70 സൈനികർക്ക് വരെ ഇതില്‍ യാത്ര ചെയ്യാനാകും. നിസി-295 ന് പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറുണ്ട്. അതിനാല്‍ തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ് ഈ വിമാനങ്ങള്‍.
ചെറിയ റണ്‍വേയില്‍ പോലും പറയുന്നയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുമെന്നതിനാല്‍ സി-295 വിമാനം എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ ശക്തിപ്പെടും. ടേക്ക് ഓഫിന് 670 മീറ്റര്‍ റണ്‍വേയും ലാന്‍ഡിങ്ങിന് 320 റണ്‍വേയും മാത്രമേ സി-295 വിമാനത്തിന് ആവശ്യമുള്ളു. 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുമുണ്ടാകും. മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയില്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് സാധിക്കും. അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കല്‍ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താം.

