Monday, September 21, 2026

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ! യുവതിയുടെ നെഞ്ചിൽ ​കുടുങ്ങിയ ​ഗൈഡ് വയർ പുറത്തെടുക്കുന്നത് റിസ്ക് ആണെന്ന് മെഡിക്കൽ ബോർഡ് യോഗം !

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ​ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വയർ പുറത്തെടുക്കുന്നത് ‘സങ്കീർണ്ണമെന്ന് ​മെഡിക്കൽ ബോർഡ് യോഗത്തിന്റെ അഭിപ്രായം. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും സർജറിക്കിടയിൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തുമെന്നും വിദ​ഗ്ധർ അറിയിച്ചു. വയർ പുറത്തെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടാൽ റിസ്ക് ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.

നേരത്തെ ശാസ്ത്രക്രിയയിലെ പിഴവ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നിഷേധിക്കാനുള്ള ശ്രമമാണുണ്ടായത്. പിന്നീട് വീഴ്ച സംഭവിച്ചതായി ഡോ. രാജീവ്കുമാര്‍ തന്നെ സമ്മതിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. 2023 മാര്‍ച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ എന്ന യുവതി തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്. തുടര്‍ന്ന് ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. പിന്നീടാണ് എക്‌സ്‌റേ പരിശോധനയില്‍ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തിയത്. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചത്. ഗുരുത പിഴവ് ഉണ്ടായതില്‍ നീതി വേണമെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നുമായിരുന്നു സുമയ്യയുടെ ആവശ്യം.

Related Articles

Latest Articles