Saturday, October 31, 2026

ആശുപത്രികളിലെ ചികിത്സാപിഴവ് ആരോപണം. ജില്ലയില്‍ ജനരോഷം ഇരമ്പുന്നു. വിജിലന്‍സ് അന്വേഷണത്തിനും സാധ്യത

കൊല്ലം / തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തെ തുടര്‍ന്ന് നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവങ്ങളില്‍ പരക്കെ പ്രതിഷേധം ശക്തിപ്പെടുന്നു. കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലുമുണ്ടായ ദാരുണ സംഭവങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സപിഴവ് മൂലമെന്നാണ് ആരോപണം. പുനലൂര്‍ സ്വദേശികളായ അനൂപ്-സുധി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ചത്. പ്രസവത്തിനിടെ സംഭവിച്ച ഗുരുതരമായ ചികിത്സാപിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ഇന്നലെ പുലര്‍ച്ചെ നാലിന് ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ച രോഗിയുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നെങ്കില്‍ മറ്റ് ആശുപത്രിയിലേക്ക് മാറ്റാമായിരുന്നുവെന്നും പിതാവ് അനൂപ് പറഞ്ഞു.

‘500 രൂപ നല്‍കിയപ്പോള്‍ ഡോക്ടര്‍ എന്നെ രൂക്ഷമായി നോക്കി. പിന്നീട് 2,500 രൂപയാണ് കൈക്കൂലിയായി നല്‍കിയത്. ഒരു കുഴപ്പവുമില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നത്. മരിച്ച ശേഷവും കുഞ്ഞിനെ കാണിക്കാന്‍ പോലും തയ്യാറായില്ല.’ – അനൂപ് പറയുന്നു.

അതേസമയം, ബന്ധുക്കളുടെയും പൊതുജനങ്ങളുടെയും ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ പൂര്‍ണ്ണമായി നിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുനലൂര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പുനലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ട് ഇന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (DMO) കൈമാറും. ഡി.എം.ഒ നല്‍കുന്ന അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പ് മന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കുക. മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമേ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Latest Articles