Monday, May 6, 2024
spot_img

തിഥി ദേവതയും, ദിന ദേവതയും, നക്ഷത്ര ദേവതയും ഒത്തുവന്ന ശുഭ മുഹൂർത്തത്തിൽ 216 വധൂവരന്മാർക്ക് ശുഭ മംഗല്യം! വനവാസി, ഗോത്ര മേഖലയിൽ നിന്നുള്ളവരുടെ ഏറ്റവും വലിയ സമൂഹ വിവാഹം സംഘടിപ്പിച്ച് ചരിത്രമെഴുതി പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരീ ക്ഷേത്രം; ചടങ്ങിന് വിശിഷ്ട വ്യക്തികളുടെ നീണ്ട നിര

തിരുവനന്തപുരം: വനവാസി, ഗോത്ര മേഖലയിൽ നിന്നുള്ള 216 വധൂ വരന്മാർക്ക് ശുഭമംഗല്യമൊരുക്കി പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരീക്ഷേത്രം. പ്രത്യേകം സജ്ജീകരിച്ച വിവാഹ മണ്ഡപത്തിൽ പൗർണ്ണമിയും, തിങ്കളാഴ്ചയും, ശബരിമല ആറാട്ട് ദിവസമായ പൈങ്കുനി ഉത്രവും ഒത്തുചേർന്ന ഇന്ന് ഉച്ചയ്ക്ക് 12.04 എന്ന ശുഭ മുഹൂർത്തത്തിൽ എല്ലാ വധൂവരന്മാരും താലികെട്ടി മോതിരമിട്ട് വരണമാല്യം ചാർത്തി. ആശീർവാദവുമായി ഗോവാ ഗവർണർ പി എസ് ശ്രീധരൻ പിള്ള, കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, എം പി ശശി തരൂർ, ചലച്ചിത്ര താരം ദിലീപ്, ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ, പൗർണമിക്കാവ് മഠാധിപതി സിൻഹ ഗായത്രി, പി ആർ ഒ പള്ളിക്കൽ സുനിൽ, എം എസ് ഭുവനേ ചന്ദ്രൻ തുടങ്ങിയ വി വി ഐ പികളുടെ നീണ്ട നിര. വനവാസി, ഗോത്ര മേഖലയിൽ നിന്നുള്ള വധൂവരന്മാരുടെ ഏറ്റവും വലിയ സമൂഹ വിവാഹത്തിനാണ് പൗർണ്ണമിക്കാവ് വേദിയായത്.

സാമൂഹിക സമരസതയുടെ ഏറ്റവും ഉദാത്തമായ മാതൃകായാണ് ഇന്ന് നടന്ന സമൂഹ വിവാഹമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ജില്ലകളിലെ വനവാസി മേഖലകളിൽ നിന്നുള്ള വധൂ വരന്മാരാണ് സമൂഹ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ വധൂവരന്മാരുടെ ബന്ധുക്കൾ ഉൾപ്പെടെ വൻ ഭക്തജന സാന്നിധ്യം ക്ഷേത്രത്തിലുണ്ടായിരുന്നു. വിവാഹത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറി. പൗർണമി നാളിൽ മാത്രം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ക്ഷേത്രം. 51 അക്ഷര ദേവതകളുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് പൗർണ്ണമിക്കാവ്. ക്ഷേത്രത്തിലെ ഹാലാസ്യ ശിവ ഭഗവാന്റെയും, പഞ്ചമുഖ ഗണപതിയുടെയും പ്രതിഷ്ഠ ശ്രദ്ധേയമാണ്.

Related Articles

Latest Articles