Monday, April 29, 2024
spot_img

കളിയിക്കാവിള കൊലപാതകം: മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനാ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍

കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സണെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. ബംഗളുരു പോലീസാണ് ഇയാളെ പിടികൂടിയത്. പാഷയുടെ കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും പിടിയിലായി. അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എ.എസ്.ഐയുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഈ സംഘത്തിന്റെ തലവനാണ് പാഷ.

പിടിയിലായവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ എന്‍.ഐ.എ കോടതി വിട്ടു. അതേസമയം മുഖ്യ പ്രതികള്‍ക്കെതിരെ പോലീസ് യു.എ.പി.എ ചുമത്തി. അബ്ദുള്‍ ഷെമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഭരണ-പോലീസ് സംവിധാനങ്ങള്‍ക്ക് എതിരായ പ്രതിഷേധ സൂചകമായും സാന്നിധ്യം അറിയിക്കുന്നതിനും വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.

പരിചയമുള്ള സ്ഥലമായതിനാലാണ് കളിയിക്കാവിള തിരഞ്ഞെടുത്തതെന്നാണ് പ്രതികളുടെ മൊഴി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്‍ വില്‍സണെ പ്രതികള്‍ വെടിവച്ച് കൊന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ മുഖ്യ പ്രതികളെ ഉഡുപ്പി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസില്‍ വന്നിറങ്ങവെയാണ് പ്രതികള്‍ പോലീസ് വലയിലായത്.

Related Articles

Latest Articles