Friday, March 29, 2024
spot_img

മലയാള സംഗീതലോകത്തെ സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് 9 വർഷം

മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒമ്പത് വര്‍ഷം.മലയാളിയുടെ ചുണ്ടികളില്‍ അന്നും ഇന്നും ഓടിയെത്തുന്ന ഒരു പിടി നല്ലഗാനങ്ങള്‍ സമ്മാനിച്ചാണ് ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞത്. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയ നിര്‍വ്വചനം നല്‍കിയ അതുല്യ പ്രതിഭയായിരുന്നു ഗിരീഷ്പുത്തഞ്ചേരി. പ്രണയവും വിരഹവും ജീവിതവും പുത്തഞ്ചേരിയുടെ തൂലികയ്ക്ക് ഒരുപോലെ വഴങ്ങി. വര്‍ഷങ്ങള്‍ എത്രയോ കടന്ന് പോയിട്ടും പിന്നെയും പിന്നെയും ആ ഗാനപ്രപഞ്ചം മനസിലേക്ക് പടികടന്നെത്തുന്നുണ്ട്.

ആ തൂലികയില്‍ പിറന്ന ഭാവഗാനങ്ങള്‍ക്കായി മലയാളികള്‍ ഇന്നും വല്ലാതെ കൊതിക്കുന്നുണ്ട്. വാക്കുകളുടെ ഹരിമുരളീരവവുമായി പെയ്തിറങ്ങിയ പാട്ട് പെട്ടന്നാണ് പാതിവഴിയില്‍ മുറിഞ്ഞ് പോയത്. മഴവില്ലുപോലെ ഭംഗിയായും തൂവലുപോലെ മൃദുലവുമായി പുത്തഞ്ചേരി വാക്കുകളെ ചേര്‍ത്ത് വെച്ചപ്പോള്‍ മലയാളി ആ വാക്കുകളെ നിരന്തരം മൂളികൊണ്ടേയിരുന്നു. ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്ന് ആരോ സ്വകാര്യം പറഞ്ഞു വെച്ചത് ഇന്നും മലയാളിയുടെ ഗൃഹാതുരതയില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നുണ്ട്. എത്രയോ ജന്മമായി സംഗീതലോകം തേടിയതും അദ്ദേഹത്തെതന്നെയായിരുന്നു. കാലങ്ങളെത്രയോ കടന്ന് പേയിട്ടും കണ്ണു നനയിക്കുന്ന അമ്മ മഴക്കാറും ആരോടും മിണ്ടാതെയും മിഴികളില്‍ നോക്കാതെയകലുന്ന വിരഹവും പിന്നെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ തോരാതെ പിന്നെയും പെയ്തു കൊണ്ടോയിരുന്നു.മറന്നിട്ടും എന്തിനോ വീണ്ടും മലയാളിയുടെ മനസില്‍ പുത്തഞ്ചേരിയുടെ പാട്ടുകള്‍ തുളുമ്പിത്തൂവുന്നുമുണ്ട്.

സാധാരണ കുടുംബത്തില്‍ ജനിച്ച ഗിരീഷ് പുത്തഞ്ചേരി ഉപജീവനാര്‍ത്ഥമാണ് പാട്ടിന്റെവഴി തിരഞ്ഞെടുത്തത്. വിദ്യാഭ്യാസകാലത്തുതന്നെ കവിതാരചനയില്‍ വൈഭവം തെളിയിച്ചു. പിന്നീട് ആകാശവാണിക്കും റെക്കോഡിങ് കമ്പനികള്‍ക്കും വേണ്ടി രചനകള്‍ നിര്‍വഹിച്ചു. സിനിമാരംഗത്തേക്ക് കടന്നുവന്ന ഗിരീഷിനെ ‘ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം ചലച്ചിത്ര ഗാനരചയിതാക്കള്‍ക്കിടയില്‍ മുന്‍നിരക്കാരനാക്കി. തുടര്‍ന്നിങ്ങോട്ട് ഹിറ്റ് ഗാനങ്ങളുടെ ഒഴുക്കായിരുന്നു. ഏഴുതവണ മികച്ച ഗാനത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌നേടി. സിനിമാരംഗത്ത് വിജയശ്രീലാളിതനായി നില്‍ക്കുമ്പോഴും സാധാരണക്കാരനായി ജീവിച്ച ഗിരീഷ് സൗഹൃദങ്ങള്‍ ഒരു മാറ്റവുമില്ലാതെ കാത്തുസൂക്ഷിച്ചു. നടന്‍ കൊച്ചിന്‍ ഹനീഫയുടെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ ഗിരീഷ് എഴുതാനിരിക്കുന്നതിനിടെ രക്തസമ്മര്‍ദമുണ്ടാവുകയും അത് മസ്തിഷ്‌ക രക്തസ്രാവത്തിനു കാരണമാവുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2010 ഫെബ്രുവരി 10 ന് രാത്രി ഒമ്പതേകാലോടെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

Related Articles

Latest Articles