ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന ഉപാധിയാണ് മുന്നോട്ട് വെയ്ക്കുന്നത്. കോടിയേരിയും പിണറായിയും നിലപാടില്‍ എന്തുക്കൊണ്ട് മാറ്റം വരുത്തുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിക്ക് ഭയമായതിനാലാണ് ബിജെപിക്ക് എതിരെ പ്രതികരിക്കാത്തത് എന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

അതെ സമയം സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തിച്ചേർന്നോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു. കോൺഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ എന്ന് തനിക്കറിയില്ല. സിപിഎമ്മിനും എൽഡിഎഫിനും എതിരായി നല്ല നിലയിൽ ഒരു മത്സരം കാഴ്ചവയ്ക്കാനുള്ള ശേഷി ഇപ്പോഴും കേരളത്തിലെ കോൺഗ്രസിനുണ്ട് എന്നാണ് തന്‍റെ വിശ്വാസമെന്നും എം എ ബേബി പറഞ്ഞു.

ബംഗാളിൽ ആയാലും കേരളത്തിൽ ആയാലും കോൺഗ്രസുമായി ഒരു സഖ്യവും ഉണ്ടാകില്ലെന്നും എം എ ബേബി കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ നയങ്ങളെ കൂടി എതിർക്കാൻ ആണ് സിപിഎമ്മിന്‍റെ തീരുമാനമെന്നും എം എ ബേബി പറഞ്ഞു.