ഖാർത്തൂം : സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിലുള്ള സൈനിക കലാപം രണ്ടാം ആഴ്ചയിലും അതിരൂക്ഷമായി തുടരുന്നതിനിടയിൽ സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സുമേധ പടക്കപ്പൽ പോർട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യോമസേനയുടെ രണ്ട് സി–130ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. സുഡാനിൽനിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടയിൽ സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെക്കൂടി സൗദി അറേബ്യ ഒഴിപ്പിക്കും എന്ന് അറിയിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്തിയും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചിട്ടുണ്ട്. 157 പേരെയാണ് സൗദി അറേബ്യ സുഡാനിൽനിന്ന് യുദ്ധക്കപ്പലിൽ ജിദ്ദയിലെത്തിച്ചത്. ഇതിൽ 91 പേർ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കി 66 പേർ.
അതെ സമയം ഫ്രാൻസ് നടത്തിയ രക്ഷാദൗത്യത്തിൽ രണ്ട് സൈനികവിമാനങ്ങളിലായി ഇന്ത്യക്കാരുൾപ്പെടെ 28 രാജ്യങ്ങളിലെ 388 പേരെയാണ് ഒഴിപ്പിച്ചത്.
ഇന്ന് പുലർച്ചെ ആളുകളെയും കൊണ്ട് നിരവധി വിമാനങ്ങളാണ് സുഡാനിൽ നിന്ന് പറന്നുയർന്നത്. അമേരിക്ക, ഫ്രാൻസ്, നെതർലൻഡ്സ്, യുകെ എന്നീ രാജ്യങ്ങൾ അവരുടെ നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക വിമാനങ്ങളിൽ ഒഴിപ്പിച്ചതായി അറിയിച്ചു. ജിബൂട്ടിയിൽ നിന്നെത്തിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസ് ചിനൂക്ക് ഹെലികോപ്റ്ററുകളിലാണ് എഴുപതോളം എംബസി ഉദ്യോഗസ്ഥരെ രക്ഷിച്ചത്. മറ്റു രാജ്യങ്ങൾ ഒഴിപ്പിക്കൽ ദൗത്യത്തിനായി അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്. അതെ സമയം സംഘർഷ മേഖലയിൽ അതിരൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്നും അത്കൊണ്ട് തന്നെ ഒഴിപ്പിക്കൽ നടപടി അതീവ അപകടകരമാണെന്നും അമേരിക്ക അറിയിച്ചു

