Tuesday, November 17, 2026

മിമിക്രി കലാകാരന്റെ കൊലപാതകം; ക്വട്ടേഷൻ നൽകിയ കാമുകിയടക്കം നാലു പേർക്ക് ജീവപര്യന്തം വിധിച്ച് കോടതി

കോട്ടയം: മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ നൽകിയ കാമുകിയടക്കം നാലു പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ചങ്ങനാശ്ശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷിനെയാണ് കൊലപ്പെടുത്തിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ജഡ്ജി വി.ബി.സുജയമ്മയാണ് ശിക്ഷ വിധിച്ചത്.

കേസിൽ ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ, ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ, വിത്തിരിക്കുന്നേൽ രമേശൻ എന്നിവരാണ് പ്രതികൾ.

2013 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എച്ച് മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്സിങ് എന്ന സ്ഥാപനത്തിൽ വെച്ച് ലെനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്ക് നയിച്ചത്. ക്രൂരമായ മർദ്ദനമേറ്റതാണ് മരണത്തിന് കാരണമായത്. പിന്നീട് മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്തു റോഡരികിലെ റബർത്തോട്ടത്തിൽ തള്ളുകയായിരുന്നു.

കാഞ്ഞിരപ്പള്ളി മുൻ ഡിവൈഎസ്പി എസ് സുരേഷ് കുമാർ, പാമ്പാടി മുൻ ഇൻസ്പെക്ടർ സാജു കെ വർഗീസ്, മുൻ എസ്ഐ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Related Articles

Latest Articles