Saturday, May 18, 2024
spot_img

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം; കേസ് പരിഗണിക്കുന്നത് ലോകായുക്ത ജൂണ്‍ അഞ്ചിലേക്ക് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസ് പരിഗണിക്കുന്നത് ലോകായുക്ത ജൂണ്‍ അഞ്ചിലേക്ക് മാറ്റി. ഇരുഭാഗത്തുനിന്നും വിശദമായ വാദം കേള്‍ക്കണമെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യൂ ജോസഫ് വ്യക്തമാക്കി .

നേരത്തെ ഇന്നുച്ചയ്ക്ക് ലോകായുക്ത ഫുള്‍ ബെഞ്ചിലേക്ക് കേസ് വിട്ടതുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ സമർപ്പിച്ചിരുന്ന റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. പുനഃപരിശോധനാ ഹർജി നിലനിൽക്കുന്നതല്ലെന്നും വാദങ്ങൾ അടിസ്ഥാനമില്ലാത്തതും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കിയത് . പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല തങ്ങളെന്നും വിമർശനങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത പറഞ്ഞു.

നിയമസാധുത നേരത്തെ പരിഗണിച്ചതാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചപ്പോൾ അത് അറിയാമെന്നാണ് ലോകായുക്ത മറുപടി പറഞ്ഞത്. 2018ൽ ഭിന്നവിധി ഉണ്ടായപ്പോൾ എതിർക്കാതെ ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹർജിക്കാരനോട് ലോകായുക്ത ചോദിച്ചു. ഹർജി ഫുൾബെഞ്ചിന് വിട്ടത് ചട്ടപ്രകാരമാണെന്നും അവിടെ വിശദമായി വാദം കേൾക്കുമെന്നും പറഞ്ഞ ലോകായുക്ത മൂന്നാമത്തെ ജഡ്ജിക്കൊപ്പം കേൾക്കുമ്പോൾ തന്റെ ഇപ്പോഴത്തെ നിലപാട് മാറാമല്ലോയെന്നും ചോദിച്ചു.

Related Articles

Latest Articles