Saturday, October 24, 2026

മ്യാൻമറിൽ സൈന്യത്തിന്റെ കൂട്ടക്കുരുതി : വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 16 കുട്ടികളക്കം 100 പേർ

യാങ്കൂൺ : മ്യാൻമറിലെ പട്ടാള ഭരണകൂടത്തെ എതിർക്കുന്ന വിമതർക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 16 പേർ കുട്ടികളെന്നാണ് വിവരം. സജെയ്ങ് മേഖലയിൽ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ (പിഡിഎഫ്) ഓഫിസ് തുറക്കുന്ന ചടങ്ങിനുനേരെയായിരുന്നു ആക്രമണം നടന്നത്.

‘ഭീകരരും’ അവരെ സഹായിച്ച നാട്ടുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സംഭവത്തിൽ പട്ടാളഭരണകൂടം നൽകുന്ന പ്രതികരണം. സമീപകാലത്തു പട്ടാളം നടത്തിയ വലിയ വ്യോമാക്രമണങ്ങളിൽ ഒന്നാണിത്. 2021ലാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു പട്ടാളം അധികാരം പിടിച്ചത്. പിന്നീട് വിമതഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയിൽ സാധാരണ ജനങ്ങളടക്കം കൊല്ലപ്പെടുന്നത് മ്യാൻമറിൽ നിത്യ സംഭവമാണ്.

സംഭവത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കം ഉണ്ടായിരുന്നുവെന്നും ആക്രമണത്തിന്റെ മുഴുവൻ ഉത്തരവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഎൻ വക്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കച്ചിൻ മേഖലയിൽ പട്ടാളം നടത്തിയ വ്യോമാക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles