Wednesday, September 23, 2026

പള്ളിയോടം മറിഞ്ഞ് 3 പേരെ കാണാതായ സംഭവം; മൂന്നാമത്തൊളുടെ മൃതദേഹവും കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കിട്ടിയത്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടു പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല. പള്ളിയോടം മറിഞ്ഞ സ്ഥലത്തുനിന്ന് ദൂരെ മാറിയാണ് ഇന്ന് തെരച്ചിൽ നടത്തിയത്. അപകടകാരണം ഇനിയും വ്യക്തമാക്കാത്തതിനാൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാമതൊരാളെ കൂടി കാണാനില്ലെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചിരുന്നുവെങ്കിലും ഇയാൾ രക്ഷപ്പെട്ടതായി പിന്നീട് വിവരം ലഭിച്ചു.

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹം ആണ് ഇന്നലെ കണ്ടെത്തിയത് . ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.

പള്ളിയോടത്തിൽ ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. 65 പേർക്കാണ് പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഇതിൽ കൂടുതൽ പേർ പള്ളിയോടത്തിലുണ്ടായിരുന്നു. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു. അപകടം എങ്ങനെയുണ്ടായെന്ന് വിശദമായി പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ, മന്ത്രി പി പ്രസാദ് അറിയിച്ചു.

Related Articles

Latest Articles