Sunday, June 2, 2024
spot_img

ഫോർട്ടുകൊച്ചി കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ നിർദേശം നൽകി പോലീസ്

കൊച്ചി: കടലിൽ വച്ച് വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തിൽ നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ നിർദേശം നൽകി പോലീസ്. ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ്‌ ദ്രോണാചാര്യയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് ബാലിസ്റ്റിക് വിദഗ്‍ധയും അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി ഇത് തെളിയിക്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതിനായിട്ടാണ് വിവരങ്ങൾ കൈമാറാൻ പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടത്.

ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ പോലീസ് മൂന്നുവട്ടം പരിശോധന നടത്തിയിരുന്നു. ബോട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട നേവിയിലെ തോക്കുകളിൽ ഉപയോഗിക്കുന്നതാണോയെന്നാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. കൂടാതെ നാവിക പരിശീലന കേന്ദ്രത്തോട് ചേർന്നുളള കടൽഭാഗത്തും പോലീസ് പരിശോധന നടത്തിയിരുന്നു.

അതേസമയം വെടിയുതിർത്തത് തങ്ങളല്ലെന്നും, തങ്ങളുടെ തോക്കുകളിലെ വെടിയുണ്ടയല്ലെന്നാണ് നാവികസേനയുടെ വിശദീകരണം. എന്നാലിത് വിശ്വാസത്തിലെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കടൽ ഭാഗത്ത് പോലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനം നടത്തുന്ന പരിധിക്കുളളിൽവെച്ചുതന്നെയാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സമയം ഇവിടെ പരിശീലനം നടന്നിരുന്നതായി വ്യക്തമായിട്ടുണ്ട്.

Related Articles

Latest Articles