ഐസ്വാൾ: 10 മാസത്തെ കൊറോണക്കാലം എഴുത്തിലൂടെ ഫലപ്രദമായി വിനിയോഗിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഇക്കാലത്ത് 18 പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. 5 എണ്ണത്തിന്റെ പ്രകാശനം ഇതിനകം നിർവഹിക്കപ്പെട്ടു. രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഡിസംബർ 11നും 18 നും ആയി നടത്തും. പി എസ് ശ്രീധരൻ പിള്ളയുടെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളായ ‘ജസ്റ്റിസ് ഫോർ ഓൾ- പ്രജുഡിസ് ടു നൺ’, ‘ഓ മിസോറാം’ (ആദ്യ ഇംഗ്ലീഷ് കവിതാ സമാഹാരം) എന്നിവയുടെ പ്രകാശനങ്ങൾ ഡിസംബർ 11 കേരളത്തിൽ രാജ്ഭവനിൽവച്ചും 18 ന് ഡൽഹിയിലെ ഇന്ത്യൻ ഇൻറർനാഷണൽ സെന്ററിൽവച്ചും യഥാക്രമം നടക്കും. രാജ്ഭവനിൽ ഡിസംബർ 11ന് വൈകുന്നേരം 3 30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്യും. ‘ഓ മിസോറാം’ എന്ന കവിതാസമാഹാരത്തിന്റെ ഔദ്യോഗിക പ്രകാശനം ദില്ലി ഇന്ത്യ ഇൻറർനാഷണൽ സെന്ററിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഡിസംബർ 18ന് വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കും. മറ്റ് പുസ്തകങ്ങൾ ഡിസംബർ അവസാനവും ജനുവരി ആദ്യവും കൊൽക്കത്ത, ഐസ്വാൾ, എറണാകുളം, കൊല്ലം കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പ്രകാശനം ചെയ്യും.

