Monday, April 29, 2024
spot_img

അയ്യന്റെ സന്നിധിയിൽ ‘മൊബൈൽ’ വേണ്ടേ വേണ്ട;പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.

അടുത്തിടെ ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങള്‍ വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പതിനെട്ടാം പടിക്ക് മുകളില്‍ മൈാബൈല്‍ ഫോണ്‍ ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇനി മുതല്‍ തിരുമുറ്റത്ത് ഫോണ്‍ വിളിക്കാന്‍ പോലും മൊബൈല്‍ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തില്‍ താക്കീത് നല്‍കി ദൃശ്യങ്ങള്‍ മായ്ച ശേഷം ഫോണ്‍ തിരികെ നല്‍കും .വരും ദിവസങ്ങളില്‍ ഫോണ്‍ വാങ്ങി വയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.

അയ്യപ്പന്മാര്‍ നടപ്പന്തലിലേക്ക് കടക്കുമ്പോള്‍ മുതല്‍ ഫോണ്‍ ഓഫ് ചെയ്ത് ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കണം .മണ്ഡലകാലത്ത് ദിനം പ്രതി അറുപതിനായിരത്തിലധികം അയ്യപ്പന്മാര്‍ എത്തുന്നതിനാല്‍ ഇവരുടെയെല്ലാം ഫോണ്‍ വാങ്ങി സൂക്ഷിക്കുന്നത് പ്രായോഗികമല്ല .

ഇതു കൂടാതെ ശബരിമലയ്ക്കും ദേവസ്വം ബോര്‍ഡിനും എതിരെ സമൂഹ മാധ്യമങ്ങളില്‍ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് .അരവണയില്‍ ചത്ത പല്ലിയെ കണ്ടുവെന്നായിരുന്നു പ്രചരണം. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

Related Articles

Latest Articles