ന്യൂദില്ലി: മധ്യേഷ്യയിൽ ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക് സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് രാജ്യങ്ങളിലുമായി നടക്കുന്ന നിർണായക കൂടിക്കാഴ്ചകളും എസ്‌സിഒ ഉച്ചകോടിയിലെ പങ്കാളിത്തവും സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമാണ് നൽകുന്നത്. ഇന്നും നാളെയും ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി മോദി വിപുലമായ ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ബഹിരാകാശ സഹകരണം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണമാണ് പ്രധാനമായും ചർച്ച ചെയ്യുക.
ഇന്ത്യയുടെ ‘വികസിത് ഭാരത്–2047’ ലക്ഷ്യങ്ങളും ഉസ്ബെക്കിസ്ഥാന്റെ ‘ഉസ്ബെക്കിസ്ഥാൻ–2030’ വികസന പദ്ധതിയും തമ്മിലുള്ള സഹകരണ സാധ്യതകളും ഇരു നേതാക്കളും വിലയിരുത്തും. ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള പദ്ധതികൾക്കും ചർച്ചകളിൽ പ്രാധാന്യമുണ്ടാകും.
സന്ദർശനത്തിന്റെ ഭാഗമായി താഷ്‌കെന്റിലെ ലാൽ ബഹദൂർ ശാസ്ത്രി സ്മാരകവും, താഷ്‌കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിലെ മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് മിർസിയോയേവ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും മോദി പങ്കെടുക്കും. തുടർന്ന് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ മോദി കിർഗിസ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ സന്ദർശനം നടത്തും. ഇവിടെ നടക്കുന്ന 26-ാമത് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയാണ് സന്ദർശനത്തിലെ മറ്റൊരു പ്രധാന ഘട്ടം.
ഓഗസ്റ്റ് 31ന് രാഷ്ട്രത്തലവന്മാർക്കായി ഒരുക്കുന്ന അത്താഴവിരുന്നിലും സെപ്റ്റംബർ ഒന്നിന് നടക്കുന്ന ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിലും മോദി പങ്കെടുക്കും. പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ആഗോള സുരക്ഷാ സാഹചര്യം, ഭീകരവാദം, മേഖലാതല സുരക്ഷാ വെല്ലുവിളികൾ എന്നിവ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങളാകും. എസ്‌സിഒ സ്ഥാപിതമായതിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ ഉച്ചകോടി എന്നതും പ്രത്യേകതയാണ്.
2005 മുതൽ എസ്‌സിഒയിൽ നിരീക്ഷക പദവി വഹിച്ചിരുന്ന ഇന്ത്യ 2017ലാണ് സംഘടനയുടെ പൂർണ അംഗമായി മാറിയത്. അതിനാൽ തന്നെ ബിഷ്‌കെക്കിലെ ഉച്ചകോടി ഇന്ത്യയുടെ മധ്യേഷ്യൻ നയതന്ത്രത്തിനും മേഖലാതല പങ്കാളിത്തത്തിനും നിർണായക വേദിയായി മാറുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ ബിഷ്‌കെക്കിൽ നടക്കുന്ന ആറാമത് ലോക നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉസ്ബെക്കിസ്ഥാനും കിർഗിസ് റിപ്പബ്ലിക്കും കേന്ദ്രീകരിച്ചുള്ള മോദിയുടെ സന്ദർശനം മധ്യേഷ്യയിലെ ഇന്ത്യയുടെ തന്ത്രപരമായ ഇടപെടലുകൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

