തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ കോൺഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ഡിസിസി അംഗമായ അനിലിനെ അർധരാത്രിയിൽ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ആരോപണം. അറസ്റ്റിന് പിന്നാലെ കോൺഗ്രസിനുള്ളിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. സംഭവത്തിൽ ചേന്തി അനിലിനെതിരെ പാർട്ടി നടപടി സ്വീകരിക്കാനും സസ്‌പെൻഡ് ചെയ്യാനും നിർദേശം നൽകിയതായാണ് വിവരം. ഇന്നുതന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാൽ, താൻ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് കൈകാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ചേന്തി അനിലിന്റെ വിശദീകരണം. അറസ്റ്റിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണെന്നും അനിൽ ആരോപിച്ചു. മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ക്ഷുഭിതനായി സംസാരിച്ചെന്നും അനിൽ പ്രതികരിച്ചു.
അറസ്റ്റിനെതിരെ ഡിസിസി അംഗം സുഹൈൽ ഷാജഹാനും രംഗത്തെത്തി. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെപ്പോലെയുള്ള ഒരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സുഹൈൽ പറഞ്ഞു. ഇതോടെ വിഷയം പോലീസ് നടപടിയിൽ ഒതുങ്ങാതെ കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കും നീങ്ങുകയാണ്.
ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ, ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അവസാന നിമിഷം അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്നുവെന്നുമാണ് അനിലിന്റെ വാദം. ഇതേ തുടർന്നാണ് വാഹനവ്യൂഹത്തിന് കൈകാണിച്ചതെന്നും അദ്ദേഹം പറയുന്നു.
മാത്രമല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടികയിൽ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഉള്ളൂരിലെ ഒരു വിവാഹവീട്ടിലെത്തിയ ശേഷമാണ് മുഖ്യമന്ത്രി ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോയത്. പ്രവർത്തകർ കൈകാണിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ചേന്തിയിൽ ഇറങ്ങിയെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന സംഘാടകരുടെ ആവശ്യം പരിഗണിക്കാതെ മടങ്ങാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായതെന്നാണ് ആരോപണം.
തുടർന്ന് ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയോട് മോശം വാക്കുകൾ പറയുകയും കയർത്തു സംസാരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ സംഘാടകരെ തള്ളിമാറ്റിയാണ് അദ്ദേഹത്തിന് അവിടെനിന്ന് പോകാൻ സാഹചര്യമൊരുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം വാഹനം തടഞ്ഞെന്ന പോലീസ് ആരോപണവും ‘കൈകാണിക്കുക മാത്രമാണ് ചെയ്തതെന്ന’ അനിലിന്റെ വിശദീകരണവും തമ്മിലുള്ള തർക്കത്തിനൊപ്പം, അറസ്റ്റിനെ തുടർന്ന് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും വീണ്ടും ചർച്ചയാകുകയാണ്. പാർട്ടി നേതൃത്വം നടപടിയിലേക്ക് നീങ്ങുമ്പോൾ, സ്വന്തം പാർട്ടിക്കാരിൽ നിന്നുതന്നെ ഉയരുന്ന പ്രതിഷേധം സംഭവത്തിന് പുതിയ രാഷ്ട്രീയ വഴിത്തിരിവാണ് നൽകുന്നത്.

