‘ ഗുജറാത്തിൽ ‘അർബൻ നക്‌സലുകൾ’ വേഷം മാറി പ്രവേശിക്കാൻ ശ്രമിക്കുകയാണ് , എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ അവരെ അനുവദിക്കില്ലെന്നും’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“അർബൻ നക്‌സലുകൾ പുതിയ രൂപത്തിൽ ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്. അവർ വേഷവിധാനം മാറ്റി. നമ്മുടെ നാട്ടിലെ നിഷ്കളങ്കരും ഊർജസ്വലരുമായ യുവാക്കളെ, പിന്തുടരാൻ വേണ്ടി പ്രേരിപ്പിക്കുകയാണ് അവർ” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടിയെ കൂടി ലക്ഷ്യം വെച്ചാണ് മോദിയുടെ വിമർശനം.
യുവതലമുറയെ നശിപ്പിക്കാൻ നാം അവരെ അനുവദിക്കില്ല. രാജ്യത്തെ തകർക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന അർബൻ നക്സലുകൾക്കെതിരെ നമ്മുടെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം. അവർ വിദേശ ശക്തികളുടെ ഏജന്റുമാരാണ്. ഗുജറാത്ത് അവർക്കെതിരെ തല കുനിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

