Friday, January 9, 2026

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ എല്ലാ ശക്തികളേയും എതിർക്കണമെന്ന് മോദി !

യുഎസ് കോൺഗ്രസിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു നരേന്ദ്രമോദി ഈ പ്രസ്താവന നടത്തിയത്. അവരുടെ പ്രത്യയശാസ്ത്രങ്ങൾ പുതിയ രൂപങ്ങളും ഭാവങ്ങളും സ്വീകരിച്ച് കൊണ്ട് ഇപ്പോഴും ഇവിടെ തന്നെ തുടരുകയാണെന്നും പല ഭാവങ്ങളും മാറ്റങ്ങളും സ്വീകരിക്കുമ്പോഴും അവരുടെ ലക്ഷ്യവും ഉദ്ദേശവും ഒന്നു തന്നെയാണെന്നും നരേന്ദ്രമോദി തുറന്നടിച്ചു. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്, അതിനെ ശക്തമായി തന്നെ എതിർക്കണം. ഭീകരതയെ സ്പോൺസർ ചെയ്യുകയും അവർക്ക് എല്ലാ പിന്തുണയും നൽകുന്നതുമായ എല്ലാ ശക്തികളേയും ഒന്നിച്ച് തന്നെ നമ്മൾ മറികടക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. വലിയ കരഘോഷത്തോടെയും മോദി, മോദി മുദ്രാവാക്യങ്ങളോടെയുമാണ് യുഎസ് കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ അംഗീകരിക്കപ്പെടുന്നത് ഇന്ത്യൻ നിലപാടുകൾ കൂടിയാണ്. ഇനിയും കൂടുതൽ ഊഷ്മളതയിലേക്ക് ഇന്ത്യാ-അമേരിക്കാ ബന്ധം നീങ്ങുമെന്നതിൽ ഒട്ടും സംശയമില്ല. ലഷ്‌കർ ഇ തൊയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്ത് വരുമ്പോൾ അത് നയതന്ത്ര നീക്കങ്ങളുടെ വിജയം കൂടിയാണ്.

ഡോണൾഡ് ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു നരേന്ദ്ര മോദി സർക്കാരിനുണ്ടായിരുന്നത്. എന്നാൽ ട്രംപിനെ തോൽപിച്ചു ജോ ബൈഡൻ അധികാരമേറിയപ്പോൾ അത് ഇന്ത്യ യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമോയെന്നുപോലും ആശങ്കയുണ്ടായിരുന്നു. കാരണം ബൈഡന്റെ ഡമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും ശക്തമായ മോദിവിരുദ്ധ നിലപാടുകാരായിരുന്നു. എന്നാൽ ട്രംപ് കാലത്തെപ്പോലെ സുഗമമായ ബന്ധം യുഎസുമായി ഇന്ത്യ ഇനിയും തുടരുമെന്നാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. അതേസമയം, അതിർത്തി കടന്നുള്ള ഭീകരതയെ ശക്തമായി അപലപിക്കുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാക്കിസ്ഥാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മോദിയും ബൈഡനും ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അങ്ങനെ ഭീകരതയ്‌ക്കെതിരെ ഉറച്ച ശബ്ദം ഇന്ത്യയ്‌ക്കൊപ്പം ഉയർത്തുകയാണ് അമേരിക്കയും. ഇനി ഇന്ത്യയെ അകറ്റിയുള്ള നീക്കങ്ങൾ അമേരിക്കയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഇതിന് തെളിവ് തന്നെയാണ് മോദിയുടെ ഈ അമേരിക്കൻ യാത്ര.

Related Articles

Latest Articles