Saturday, September 19, 2026

ചൈനയെയും പാക്കിസ്ഥാനെയും വിറപ്പിക്കാൻ മോദി ! അതിർത്തി കാക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈൽ എത്തുന്നു

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഭാരതം സമസ്ത മേഖലകളിലും കുതിക്കുകയാണ്. ഒപ്പം ഭാരതത്തെ തകർക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ശക്തികൾക്കെതിരെ കർശനമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ, രാജ്യത്തിന്റെ സൈനിക ശക്തിക്ക് മൂർച്ച കൂട്ടാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. ചൈനയുമായും പാകിസ്താനുമായും അതിർത്തി പങ്കിടുന്ന നിയന്ത്രണ രേഖയിൽ വിന്യസിക്കുന്നതിനാണ്, പ്രളയ് ബാലിസ്റ്റിക് മിസൈലുകളുടെ ഒരു റെജിമെന്റ് വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. സൈന്യത്തിന്റെ സുപ്രധാന വികസനത്തെ തന്നെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

അതേസമയം, സൈന്യത്തിലെ ഏറ്റവും അധികം റേഞ്ച് ഉള്ള സർഫസ്-ടു-സർഫസ് മിസൈലാണ് പ്രളയ്. 150 മുതൽ 500 കിലോമീറ്റർ വരെ ലക്ഷ്യത്തിലെത്തിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകൾക്ക് സാധിക്കും. ഇന്റർസെപ്റ്റർ മിസൈലുകളെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ അത്യാധുനിക രീതിയിലാണ് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ, 350 കിലോഗ്രാം മുതൽ 700 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ ഇതിന് കഴിയും. കൂടുതൽ സ്‌ഫോടകശേഷിയുള്ള ഫ്രാഗ്മെന്റേഷൻ വാർഹെഡ്, പെനിട്രേഷൻ-കം-ബ്ലാസ്റ്റ്, റൺഎവേ ഡിനൈയൽ പെനട്രേഷൻ സബ്മ്യൂണീഷൻ എന്നി വഹിക്കാനുളള ശേഷിയും ഇതിനുണ്ട്. അന്തരീക്ഷത്തിലൂടെ ഒരു നിശ്ചിത ദൂരം കടന്നുപോയതിന് ശേഷം സഞ്ചരിക്കുന്ന പാതയിൽ വ്യത്യാസം വരുത്താനുള്ള കഴിവും ഈ മിസൈലിനുണ്ട്. സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും മറ്റ് നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പ്രളയ് പ്രവർത്തിക്കുന്നത്. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനൊപ്പം പ്രളയ് കൂടി ചേരുന്നതോടെ ഇന്ത്യയുടെ റോക്കറ്റ് ഫോഴ്‌സിന്റെ ശക്തി ഇരട്ടിയാകും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആണ് പ്രളയ് മിസൈലുകൾ വികസിപ്പിക്കുന്നത്.

ഇവ വാങ്ങുന്നതിനുള്ള നിർദ്ദേശം അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലായിരുന്നു അംഗീകരിച്ചത്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച സുപ്രധാന തീരുമാനമാണിതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, തന്ത്രപരവും നിർണായകവുമായ ഘട്ടങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കാനുള്ള അനുവാദം പുതിയ നയപ്രകാരം ഉണ്ടായതിനെ തുടർന്നാണ് പ്രളയ് വാങ്ങുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത മിസൈലുകൾക്ക് ആവശ്യമായ കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുപ്രകാരം സേനയ്‌ക്ക് ആവശ്യമായ ലക്ഷ്യത്തിൽ മിസൈലുകൾ എത്തിക്കാനുള്ള പരിധി നിശ്ചയിക്കാൻ കഴിയും. കഴിഞ്ഞ വർഷം ഡിസംബർ 21നും 22നും തുടർച്ചയായി രണ്ടുതവണ നടത്തിയ മിസൈൽ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. അതേസമയം, ചൈനയും പാകിസ്താനും ഇതിനോടകം അതിർത്തികളിൽ ബാലിസ്റ്റിക് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാരതം കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങുന്നത്.

Related Articles

Latest Articles