സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ മക്കയിൽ വെച്ച് ഒപ്പുവെച്ച സുരക്ഷാ കരാർ ആഗോള ഭൗമരാഷ്ട്രീയ ഭൂപടത്തിൽ ഒരു ചർച്ചയായിരിക്കുകയാണ്. ‘ഇസ്ലാമിക് നാറ്റോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സഖ്യം, മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെയും പ്രാദേശിക അസ്ഥിരതകളെയും നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് എന്നാണ് അവകാശപ്പെടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവർ ഒപ്പുവെച്ച ഈ കരാർ, ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലെ മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന വ്യവസ്ഥ ഉൾക്കൊള്ളുന്നു. ഒരു തരത്തിൽ ഈ പ്രതിരോധ കൂട്ടുകെട്ട്, മിഡിൽ ഈസ്റ്റിലെ മാറിക്കൊണ്ടിരിക്കുന്ന ശക്തിസമവാക്യങ്ങളുടെയും സൗദി അറേബ്യയുടെ ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെയും വ്യക്തമായ പ്രതിഫലനമാണ്. പതിറ്റാണ്ടുകളായി അമേരിക്കയുടെ സുരക്ഷാ കവചത്തിനുള്ളിൽ സുരക്ഷിതമായിരുന്ന സൗദി അറേബ്യ, ഇന്ന് അതീവ ഗൗരവകരമായ വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുകയും, തങ്ങളുടെ എണ്ണശേഖരവും സാമ്പത്തിക ഇടനാഴികളും ആക്രമിക്കപ്പെടുകയും ചെയ്തതോടെ സൗദി ഭരണകൂടം വലിയ സമ്മർദ്ദത്തിലായി. ഹൂതികളുടെ ആക്രമണങ്ങൾ സൗദിയുടെ എണ്ണ കയറ്റുമതിയെയും റെഡ് സീ വഴിയുള്ള ചരക്കുനീക്കത്തെയും ഗുരുതരമായി ബാധിച്ചു. തങ്ങളുടെ പക്കലുണ്ടായിരുന്ന പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതും, അമേരിക്കൻ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായി ഫലപ്രദമല്ലെന്ന് ബോധ്യപ്പെട്ടതുമാണ് പുതിയൊരു സുരക്ഷാ കൂട്ടുകെട്ടിലേക്ക് സൗദിയെ നയിച്ചത്. സ്വന്തം നിലയ്ക്ക് പ്രതിരോധം തീർക്കാൻ കഴിയാതെ വരുമ്പോൾ, ഇസ്ലാമിക ലോകത്തെ മറ്റ് സൈനിക ശക്തികളെ ഒപ്പം നിർത്തി സുരക്ഷ ഉറപ്പാക്കുക എന്ന തന്ത്രമാണ് സൗദി ഇവിടെ പയറ്റുന്നത്. #saudiarabia #turkey #pakistan #defenceagreement #islamicnato #middleeast #geopolitics #securitypact #tatwamayinews

