കൊച്ചി: മരക്കാർ അറബിക്കടലിന്റെ സിംഹത്തിനെതിരായ സോഷ്യൽ മീഡിയയിലെ ഡീഗ്രേഡിംഗിനെ കുറിച്ച് നടൻ മോഹൻലാൽ.
അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ലാലേട്ടന്റെ ഈ പ്രതികരണം.
‘ഡീഗ്രേഡിങ്ങിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ല. ഇത്തരം വലിയ സിനിമകൾ നിലനിൽക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്. എന്നാൽ മാത്രമേ ഈ വീൽ മുന്നോട്ട് പോവുകയുള്ളു. അമ്മയ്‌ക്കോ മറ്റ് സംഘടനകൾക്കോ ഇത്തരം വിഷയങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ മാധ്യമങ്ങൾക്ക് അത് എഴുതാം. അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കാമല്ലോ. ഒരു സിനിമയിറങ്ങി അന്ന് രാത്രി അതിന്റെ പതിപ്പ് പുറത്ത് വരിക എന്നത് സങ്കടമാണ്. രണ്ടോ മൂന്നോ വർഷമെടുത്ത് നിർമിക്കുന്നതാണ് ഓരോ സിനിമയും’- മോഹൻലാൽ പറയുന്നു.
അതേസമയം അമ്മയിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പ് പൂർത്തിയായി. മോഹൻലാൽ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം നടി ആശ ശരത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചു. നാസർ ലത്തീഫ് പരാജയപ്പെട്ടു. ഔദ്യോഗിക പാനലിൽ നിന്ന് മത്സരിച്ച നിവിൻ പോളി, ഹണി റോസ് എന്നിവരും പരാജയപ്പെട്ടു.
എന്നാൽ വിജയ് ബാബുവും ലാലും എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗങ്ങളായി. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ.
മാത്രമല്ല ചരിത്രത്തിൽ ആദ്യമായാണ് എഎംഎംഎയിൽ വോട്ടിംഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. നിലവിലെ പ്രസിഡന്റായ മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളുണ്ടായിരുന്നില്ല.

