Sunday, October 25, 2026

പ്രതീക്ഷിക്കാത്ത കോണുകളിൽ നിന്ന് വിമർശനം; കുടുംബാംഗങ്ങൾക്കെതിരെയും ആക്രമണം; സംഘടനാ പ്രവർത്തനം മടുത്ത് മോഹൻലാൽ അമ്മയിൽ നിന്ന് അകലുന്നു; എല്ലാ സ്ഥാനങ്ങളിലേക്കും ഇനി മത്സരത്തിന് സാധ്യത

കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ആഭ്യന്തരപ്രശനങ്ങൾ രൂക്ഷമാകുന്നു. നിലവിൽ പ്രസിഡന്റായ മോഹൻലാൽ ചക്കളത്തിൽ പോരാട്ടം മടുത്ത് സംഘടനയിൽ നിന്ന് അകലുന്നു. മോഹൻലാലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉയർന്നതോടെയാണ് നടന്റെ തീരുമാനം. മലയാള സിനിമയിലെ ഒരു യുവനടൻ മോഹൻലാലിനെയും മകൻ പ്രണവ് മോഹൻലാലിനെയും വിമർശിക്കുന്ന ഓഡിയോ പുറത്തുവന്നിരുന്നു. ഇത് മോഹൻലാലിനെ വിഷമിപ്പിച്ചെന്നാണ് സൂചന. സിനിമാരംഗത്തെ കിടമത്സരങ്ങൾക്കൊന്നും പോകാത്ത തന്റെ മകനെതിരായ വാക്കുകൾ സഹപ്രവർത്തകരിൽ നിന്നുണ്ടായതിനെ തുടർന്നാണ് അദ്ദേഹം തൽക്കാലം നേതൃത്വത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്നറിയുന്നു. ഇനി ആര് നിർബന്ധിച്ചാലും നേതൃത്വത്തിലേക്കില്ലെന്ന് മോഹൻലാൽ അറിയിച്ചു.

മോഹൻലാൽ പിന്മാറിയതോടെ ഇനി എല്ലാസ്ഥാനങ്ങളിലേക്കും മത്സരം നടക്കാനാണ് സാധ്യത. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗത്തെ കൊണ്ടുവരാനാണ് ആലോചന. മൂന്നുമാസത്തിനകം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചർച്ചകൾ സംഘടന തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 27 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. നടൻ സിദ്ദിഖാണ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. സീനിയറായ മറ്റുചില വനിതാ അംഗങ്ങൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് സൂചന.

അമ്മയുടെ മുപ്പത്തിയൊന്നാമത് ജനറൽ ബോഡി യോഗമാണ് കഴിഞ്ഞദിവസം കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് ചേർന്നത്. 13 വർഷങ്ങൾക്ക് ശേഷം നടൻ ജഗതി ശ്രീകുമാർ പങ്കെടുത്തു എന്നതാണ് ഇക്കൊല്ലത്തെ ജനറൽ ബോഡി യോഗത്തിന്റെ പ്രത്യേകത. മമ്മൂട്ടിയും മുകേഷും അടക്കം ചില നടന്മാർ യോഗത്തിനെത്തിയില്ല. മലയാള സിനിമയിലെ ചില യുവനടന്മാർക്ക് അമ്മയോട് താൽപ്പര്യമില്ലെന്ന ചർച്ചയും ഉയർന്നു. അഡ്‌ഹോക്ക് കമ്മിറ്റി തുടരുന്നതിൽ ജനറൽ ബോഡി യോഗത്തിൽ വലിയ എതിർപ്പുണ്ടായി. തുടർന്നാണ് തെരഞ്ഞെടുപ്പിലേക്ക് പോകാമെന്ന മോഹൻലാലിന്റെ നിർദ്ദേശം അംഗീകരിക്കപ്പെട്ടത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ ആഭ്യന്തര കലഹം രൂക്ഷമായത്.

Related Articles

Latest Articles