കൊച്ചി: മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേര് നൽകി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപനം നടന്നു. L367 എന്ന താൽക്കാലിക പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തിനായി ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്.റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ രക്ഷാദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജോർജിയയിൽ ആരംഭിച്ചു. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും.
പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.ശ്രീ ഗോകുലം മൂവീസിന്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യിൽ വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നുണ്ട്. ‘ധുരന്ധർ’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ വിജയത്തിന് ശേഷം സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവ് ചിത്രത്തിന് സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
‘പുഷ്പ’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ‘ഓപ്പറേഷൻ ഗംഗ’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്ധർ’, ‘കിൽ’ തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.
‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച രാജീവനാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും ബിഷ്വദീപ് ചാറ്റർജി സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു. ‘കാന്താര’യുടെ വിഎഫ്എക്സ് സൂപ്പർവൈസർ കെ.വി. സഞ്ജിത്താണ് ചിത്രത്തിന്റെ വിഎഫ്എക്സ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ ചിത്രത്തിന്റെ മിലിട്ടറി അഡ്വൈസറാണ്. മെൽവി ജെ കോസ്റ്റ്യൂം ഡിസൈനും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. റിന്നി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ.
ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിപിൻ കുമാർ പ്രൊമോഷൻ കൺസൾട്ടന്റായും ശബരി, വാഴൂർ ജോസ് എന്നിവർ പി.ആർ.ഒമാരായും പ്രവർത്തിക്കുന്നു.
മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായൊരു ആക്ഷൻ ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അന്താരാഷ്ട്ര ലൊക്കേഷനുകളും വലിയ താരനിരയും അണിനിരക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യുടെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

