Friday, September 18, 2026

₹230യുടെ ടിക്കറ്റ്, ₹500യുടെ പോപ്‌കോൺ; ഏഴു ടിക്കറ്റിന് ₹6048! ജനങ്ങളുടെ പോക്കറ്റ് പിഴിയുന്ന തിയറ്ററുകൾക്ക് ഇനി കണക്കുചോദിക്കും! വിവാദത്തിന് പിന്നാലെ തിയറ്റർ ഉടമകളുടെ യോഗം വിളിച്ച് മേയർ വി.വി. രാജേഷ്

₹230യുടെ സിനിമാ ടിക്കറ്റ്… പക്ഷേ ഏഴുപേർക്ക് ടിക്കറ്റ് എടുത്തപ്പോൾ ബിൽ ₹6,048! സിനിമ കാണാൻ കുടുംബമായി തിയറ്ററിലെത്തുന്ന സാധാരണക്കാരന് മുന്നിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ് സിനിമ കാണാൻ പോകുന്നത് വിനോദത്തിനാണോ, അതോ തിയറ്റർ ഉടമകൾക്ക് പണം പിഴിയാനുള്ള പുതിയ മാർഗമാണോ? എന്ന്..തിരുവനന്തപുരം നഗരത്തിലെ ഒരു മാളിൽ സിനിമ കാണാനെത്തിയ കുടുംബത്തിനുണ്ടായ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏഴു ടിക്കറ്റിനായി ഓൺലൈനിൽ അടച്ചത് ₹6,048.94. എന്നാൽ തിയറ്ററിൽ എത്തിയപ്പോൾ ലഭിച്ചത് ₹230 നിരക്കിലുള്ള സീറ്റുകൾ. പരാതി പറഞ്ഞപ്പോൾ “കമ്പനിയാണ് നടത്തുന്നത്, എന്തു വേണമെങ്കിലും ചെയ്തോളൂ” എന്ന നിലപാടാണ് നേരിട്ടതെന്നാണ് ആരോപണം.ഒടുവിൽ മുൻസീറ്റിലിരുന്നാണ് കുടുംബത്തിന് സിനിമ കാണേണ്ടിവന്നത്. ഇവിടെ ചർച്ച ചെയ്യേണ്ടത് ഒരു കുടുംബത്തിന് സംഭവിച്ച ബുദ്ധിമുട്ട് മാത്രമല്ല. തിയറ്റർ മേഖലയിലെ ഉപഭോക്തൃ സംരക്ഷണവും, ടിക്കറ്റ് നിരക്കിലെ സുതാര്യതയും, അടിസ്ഥാന സൗകര്യങ്ങളും കൂടിയാണ്.

ഇതിനിടെയാണ് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വിഷയത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കിയത്. കോർപറേഷൻ പരിധിയിലെ തിയറ്റർ ഉടമകളുടെ യോഗം വിളിച്ച് പാർക്കിങ്, ശുചിത്വം, സുരക്ഷ, മാലിന്യനിർമാർജനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു പ്രധാന ഇടപെടലാണ്. കാരണം സിനിമാ വ്യവസായം നിലനിൽക്കുന്നത് പ്രേക്ഷകരുടെ പണത്തിലാണ്. ടിക്കറ്റ് വാങ്ങുന്നത് മുതൽ ഭക്ഷണം വാങ്ങുന്നതുവരെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന് വ്യക്തമായ നിരക്കും ന്യായമായ സേവനവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

₹200യുടെ ടിക്കറ്റ് എടുത്താൽ ₹500യുടെ പോപ്‌കോൺ വാങ്ങേണ്ടിവരുന്ന സാഹചര്യം ഉണ്ടാകരുത് എന്ന ചർച്ചയും ഇപ്പോൾ ഉയരുകയാണ്.ഇവിടെ സർക്കാർ ഇടപെടേണ്ടത് സിനിമാ വ്യവസായത്തെ നിയന്ത്രിക്കാനല്ല. വ്യവസായം വളരട്ടെ, പക്ഷേ ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കപ്പെടുകയും വേണം എന്ന ഉറപ്പിനാണ്. നിയമപരമായ പരിമിതികളുണ്ടെങ്കിൽ പോലും ജനങ്ങളുടെ പരാതികൾ കേൾക്കാതെ സർക്കാർ മാറിനിൽക്കേണ്ട സാഹചര്യമില്ല. കോർപറേഷൻ, സർക്കാർ സംവിധാനങ്ങൾ, തിയറ്റർ ഉടമകൾ, സിനിമാ മേഖലയിലെ ഉത്തരവാദപ്പെട്ടവർ — എല്ലാവരും ചേർന്ന് ഒരു വ്യക്തമായ ധാരണയിലെത്തേണ്ട സമയമാണിത്. സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് പ്രേക്ഷകരെ ചൂഷണം ചെയ്തുകൊണ്ടല്ല, പ്രേക്ഷകരുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ടായിരിക്കണം സിനിമാ വ്യവസായത്തിന്റെ വളർച്ച.

ഇവിടെ മേയർ ഉയർത്തിയ വിഷയം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്.ജനങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ഇടപെടണം. നിയമം അനുവദിക്കുന്ന പരിധിയിൽ ശക്തമായ പരിശോധനയും സുതാര്യതയും ഉറപ്പാക്കണം.
സിനിമ കാണാൻ വരുന്ന സാധാരണ കുടുംബത്തിന് ‘ടിക്കറ്റ് എടുത്താൽ മതി, ബാക്കി എന്ത് സംഭവിച്ചാലും സഹിച്ചോളൂ’ എന്ന അവസ്ഥ ഉണ്ടാകരുത്.ഇതാണ് ഇപ്പോൾ പൊതുസമൂഹം ആവശ്യപ്പെടുന്നത്.

Related Articles

Latest Articles