Monday, May 13, 2024
spot_img

‘മോഖ’ കര തൊട്ടു, ബംഗ്ലദേശിലും മ്യാന്‍മറിലും ആളുകളെ ഒഴിപ്പിക്കുന്നു; ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്

ധാക്ക : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്രചുഴലിക്കാറ്റ് ‘മോഖ’ കരതൊട്ടു. നിലവിൽ മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തിൽ ആഞ്ഞ് വീശുന്ന മോഖ ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരങ്ങളില്‍ കനത്തനാശം തന്നെ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

ബംഗ്ലാദേശിന്റെയും മ്യാന്‍മറിന്റെയും തീരദേശ ഗ്രാമങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയെന്നോണം മ്യാന്‍മറും ബംഗ്ലദേശും പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ബംഗ്ലാദേശില്‍ മാത്രം 5 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍. നാലായിരത്തില്‍ അധികം സുരക്ഷാ ക്യാംപുകളും രാജ്യത്ത് സജ്ജീകരിച്ചു കഴിഞ്ഞു .

രോഹിൻഗ്യൻ അഭയാര്‍ഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാര്‍ ജില്ലയില്‍ ഉള്‍പ്പെടെ അതീവജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ പ്രത്യേക സംഘം പ്രദേശത്ത് തുടരുകയാണ്.

ഇന്ത്യയില്‍ ബംഗാളിന്‍റെ തീരപ്രദേശങ്ങളിലാണ് മോഖ ഭീഷണി സൃഷ്ടിക്കുന്നത്. ഇവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ദുരന്തനിവാരണ സേനയെയും രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കി. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലും മഴ ശക്തമാകും. മോഖയുടെ സ്വാധീനത്താൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മേയ് 15 മുതൽ മേയ് 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles