Sunday, April 28, 2024
spot_img

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. താക്കറെയുടെ ബന്ധു ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി രൂപയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

എന്നാൽ ബംഗാളിലും മഹാരാഷ്ട്രയിലും ഭരണ, പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ, ശിവസേനാ നേതാവ് അനില്‍ പരബ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു.

‘രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ശിവസേനയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.’

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നവാബ് മാലിക്.

Related Articles

Latest Articles